2010 മേയ് 19, ബുധനാഴ്‌ച

അനാവശ്യമായി വേട്ടയാടപ്പെടുന്ന കിനാലൂര്‍

ഒരു രാജ്യത്തിന്റെ വികസനം ആ നാടിന്റെ ജനങ്ങളുടെ വികസനമാണ്. തങ്ങളുടെ ഉയര്‍ച്ചയ്ക്കു വേണ്ടിയുള്ള എല്ലാ വികസനത്തിനേയും അവര്‍ സ്വാഗതം ചെയ്യണം. പക്ഷെ അത് നിലനില്‍പ്പിന്ന് ഭീഷണിയായിട്ടുള്ളതായിരിക്കരുത്. നമ്മുടെ കേരളത്തിലും ഇക്കാര്യത്തില്‍ വിത്യസ്തമായ കാഴ്ചപ്പാടുണ്ടായിരിക്കരുത്. സ്മാര്‍ട്ട് സിറ്റിയുടേതായാലും കിനാലൂരിന്റെ കാര്യത്തിലായാലും. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായ ഭൂമിയാണ് നമുക്കുള്ളത്. ഉള്ള ഭൂമിയ്ക്കു തന്നെ തോന്നിയ വിലയും. അങ്ങിനെയുള്ള അവസ്ഥയില്‍ ഗവണ്മെന്റിനായാലും ജനങ്ങള്‍ക്കായാലും ഭൂമി ലഭ്യമാക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരിക്കും. ഈയൊരവസ്ഥയില്‍ ആയിരിക്കണം നമ്മള്‍ കിനാലൂര്‍ പ്രശ്നത്തെ നോക്കി കാണാന്‍ കിനാലൂരില്‍ നാലു വരി പാത വേണം. ആര്‍ക്ക്? എന്തിന്? പാതയ്ക്കാവശ്യമായ സ്ഥലം എങ്ങിനെ കണ്ടെത്തും? ഇതൊക്കെയാണ് അവിടത്തെ പ്രശ്നങ്ങള്‍. ഒന്നാമതായി ആദ്യത്തെ ചോദ്യം. ആര്‍ക്കു വേണ്ടിയാണ് ഈ പാത നിര്‍മിക്കുന്നത്? ഉത്തരം നല്‍കേണ്ടത് പാത നിര്‍മിക്കുന്നവര്‍. അതായത് സര്‍ക്കാര്‍. സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. വേണ്ടത്ര ഗതാഗത സൌകര്യമില്ലാതെ ഒരു മലേഷ്യന്‍ കമ്പനി ഒന്ന് വന്ന് മടങ്ങി പോയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ വികെസി കമ്പനി പറഞ്ഞിരിക്കുന്നു, തങ്ങളവിടെ ഒരു ശാഖ തുടങ്ങാമെന്ന്. നല്ലത്. പക്ഷെ ആരംഭത്തില്‍ തന്നെ നാലുവരി പാത വേണമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടോ? രണ്ടു വരി പാതയായാലും അവര്‍ക്ക് ശാഖ തുടങ്ങുന്നതില്‍ എന്തിനാണ് ഇത്ര വിഷമം? കമ്പനി തുടങ്ങി രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് ഗതാഗത സൌകര്യത്തില്‍ എന്തെങ്കിലും ക്ലേശം അനുഭവപ്പെടുമ്പോള്‍ മാത്രം റോഡ് വികസനത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയില്ലെ? അങ്ങനെയെങ്കില്‍ തദ്ദേശവാസികള്‍ക്ക് അത് ബോധ്യമാവുകയും ചെയ്യും.റോഡ് വികസിച്ചെങ്കില്‍ മാത്രമെ നമ്മുടെ നാട് വികസിക്കുകയുള്ളൂ എന്ന് മനസ്സിലാക്കി നാട്ടുക്കാര്‍ തന്നെ അതിന് മുന്‍ കൈ എടുക്കുകയും ചെയ്യും. ഒരു തീവ്രവാദ സംഘടനയും അവരുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കില്ല. ഇനി രണ്ടാമത്തെ ചോദ്യം, എന്തിനു വേണ്ടിയാണ് പാത ഇരട്ടിപ്പിക്കുന്നത്? ഗള്‍ഫിനെ പോലുള്ള നാട്ടില്‍ ആദ്യം റോഡും കെട്ടിടങ്ങളുമാണ് പണിയുന്നത്. എന്നിട്ടു മാത്രമെ അവിടെ കമ്പനികള്‍ വരുകയുള്ളൂ. അതവിടത്തെ ഭൂമി ശാസ്ത്രമനുസരിച്ചാണ് അങ്ങിനെ ചെയ്യുന്നത്. വേണ്ടത്ര സ്ഥലമുള്ള അവര്‍ക്ക് ഒരു പ്രത്യേക സ്ഥലം അങ്ങിനെ വികസിപ്പിച്ചെടുക്കാം. പക്ഷെ നമുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. എല്ലായിടവും ജനനിബിഡമാണ്. ജനങ്ങള്‍ താമസിച്ച് കഴിഞ്ഞിട്ടുള്ള ഇടത്തേക്കാണ് നമ്മള്‍ റോഡ് വികസിപ്പിക്കുന്നത്. അക്കാര്യത്തില്‍ നമുക്ക് പരിമിതിയുണ്ട്. ഇത് തന്നെയാണ് കിനാലൂരിലെയും സ്ഥിതി. അവിടെയിപ്പോള്‍ ഉള്ള റോഡിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. ബ്ലോക്കുകള്‍ ഉണ്ടാകാത്ത വിധം റോഡിന് രൂപകല്പന ചെയ്യണം. കുരുക്കുകള്‍ വരുവാന്‍ സാധ്യതയുള്ള സ്ഥലത്ത് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണം. ഇപ്രകാരം പുതുക്കി പണിതാല്‍ തുടങ്ങാന്‍ പോകുന്ന ഏതു കമ്പനികള്‍ക്കും അതു സ്വീകാര്യമാകും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ വളര്‍ച്ചക്ക് അനുപാതമായേ റോഡ് വികസനം
വേണ്ടതുള്ളൂ എന്നര്‍ത്ഥം. ഇനി മൂന്നാമത്തെ ചോദ്യം എങ്ങിനെ പാതയ്ക്കാവശ്യമായ സ്ഥലം കണ്ടെത്തും? ഇവിടെയാണ് ഏറ്റവും ഗുരുതരമായ പ്രശ്നം കിടക്കുന്നത്. പുതിയതായി എവിടെയും നമുക്ക് സ്ഥലം കണ്ടെത്തുവാന്‍ കഴിയില്ല. ഉള്ള സ്ഥലത്ത് നമ്മള്‍ സൌകര്യം കണ്ടെത്തണം. അതായത് അവിടത്തെ നിവാസികള്‍ തന്നെ മുന്‍കൈ എടുക്കണം. ആ നാടിന്റെ വികസനം അവിടത്തെ ജനങ്ങളുടെ വികസനമാണ്. വ്യാവസായ വളര്‍ച്ചയുണ്ടായാലെ അവര്‍ അഭിവൃദ്ധിപ്പെടൂ. ഇതവര്‍ക്ക് ബോധ്യമായാല്‍ അവര്‍ തന്നെ മുന്നോട്ട് വരും. അതാണ് ചരിത്ര സത്യം. പക്ഷെ അവര്‍ക്ക് ബോധ്യം വരുന്നത് വരെ അവര്‍ എതിര്‍ത്തു കൊണ്ടേയിരിക്കും. ഇതിനായി ആദ്യം കമ്പനികള്‍ തുടങ്ങട്ടെ. അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ വേണ്ടത്ര മികവ് കാണിക്കേണ്ടിയിരിക്കുന്നു. അല്ലാതെയുള്ള ഏതൊരു നടപടിയും വീണ്ടുമൊരു നന്ദീഗ്രാമിനെയായിരുക്കും സൃഷ്ടിക്കുക. അതൊരിക്കലും ഒരു ഇടത് സര്‍ക്കാരിന് ഗുണകരമായിരിക്കില്ല. അടിച്ചമര്‍ത്തലില്‍ കൂടിയോ കുടിയൊഴിപ്പിക്കലില്‍ കൂടിയോ ആയിരിക്കരുത് വികസനം നടപ്പാക്കേണ്ടത്. അതാണ് നമ്മളെ ഏ കെ ജി പഠിപ്പിച്ചിട്ടുള്ളത്. ചരിത്രം മറക്കാതെ മുന്നേറണം.

2010 ഏപ്രിൽ 14, ബുധനാഴ്‌ച

നമ്മളെന്തിന് അംബാസഡറിനെ അന്വേഷിക്കണം?

Ambassador എന്ന പദത്തിന്ന് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ‘തന്റെ സ്വന്തം രാജ്യത്തിന്റെ ഒരു മുഖ്യ പ്രതിനിധിയായി അന്യ നാട്ടില്‍ താമസിക്കുന്ന ഒരു പ്രധാന ഉദ്യോഗസ്ഥന്‍ ‘ എന്നാണ്.
പക്ഷെ ഇപ്പോള്‍ ഈ പദം ഏറെ ഉപയോഗിക്കുന്നത് ഏതെങ്കിലും കമ്പനിയുടെ ഉല്പന്നം വിറ്റഴിക്കപ്പെടുന്നതിനു വേണ്ടി പരസ്യത്തിന്ന് ഉപയോഗിക്കുന്ന അവതാരകനെ സൂചിപ്പിക്കുന്നതിനാണ്. മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ അവതാരകനായിട്ടുള്ളത് ദൃഷ്ടാന്തം. മനുഷ്യന്‍ അവന്റെ ആദിമ കാലം മുതല്‍ക്ക് അവന് ആവശ്യമുള്ളത് എടുത്ത് അല്ലാത്തത് ഉപേക്ഷിക്കുന്ന രീതി അവലംബിച്ചിട്ടുണ്ട്. ആരും പറഞ്ഞിട്ടല്ല അവനിത് ചെയ്തു വരുന്നത്. അവന്റെ ആവശ്യമാണ് അവനെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ആധുനിക ലോകത്തില്‍ നമുക്ക് വേണ്ടിയതും വേണ്ടാത്തതും നമ്മളെക്കൊണ്ട് ചെയ്യിക്കുകയാണ് അഥവാ പ്രേരിപ്പിക്കുകയാണ്.

സാങ്കേതിക വളര്‍ച്ചയുടെ നല്ല വശങ്ങള്‍ തീര്‍ച്ചയായും നമ്മള്‍ പ്രയോജനപ്പെടുത്തണം. അറിവാണ് നമ്മെ അതിലോട്ട് നയിക്കേണ്ടത്. അല്ലാതെ മോടി പിടിപ്പിച്ചുള്ള പരസ്യങ്ങളായിരിക്കരുത്. എന്ത് നമ്മള്‍ ഉപയോഗിക്കണം എന്ത് നമ്മള്‍ കാണണം എന്ത് നമ്മള്‍ കേള്‍ക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. നമ്മുടെ ആ സ്വയംഭരണാവകാശം നാം ആര്‍ക്കും അടിയറ വെക്കരുത്. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോള്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ് ഈ അംബാസഡര്‍മാരുടെ കൊടുംങ്കാറ്റ്. കൂറ്റന്‍ കമ്പനികള്‍ തെരഞ്ഞെടുക്കുന്നത് ബോളിവുഡിലെയും ഹോളീവുഡിലെയും മലയാളവുഡിലെയും അതികായകന്മാരെ. അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് മില്യന്‍ കണക്കിന് രൂപയും...!

നല്ല ഉല്പന്നങ്ങള്‍ക്കും നല്ലയിടങ്ങള്‍ക്കും പ്രകീര്‍ത്തകന്മാരുടെ ആവശ്യമുണ്ടോ? ഉല്പന്നത്തിന്റെയും സ്ഥലങ്ങളുടെയും വിശേഷ-ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ വേണ്ടൂ അതിന്. പക്ഷെ ബൂര്‍ഷാസിയുടെ ഉല്പന്നമായ കച്ചവട സംസ്കാരം ലോകത്തെ കീഴടക്കുവാന്‍ അധികം വേണ്ടി വന്നില്ല. എല്ലാറ്റിലും അത് താവളം കണ്ടെത്തി. വിദ്യാഭ്യാസത്തിലും ആതുരലോകത്തും കൃഷിയിലും നിയമത്തിലും ഊര്‍ജ്ജത്തിലും കുടിവെള്ളത്തിലും മനുഷ്യന്റെ നിത്യ ജീവിതത്തില്‍ പോലും...! നമുക്ക് ആവശ്യമില്ലാത്തതിനെ എതിര്‍ക്കേണ്ടത് നമ്മുടെ ധര്‍മ്മമാണ്. പ്രതിരോധം നഷ്ടപ്പെട്ടു കൂടാ. പ്രതിരോധം നഷ്ടമായാല്‍ നാം രോഗികളായി മാറും. ആയതിനാലാണ്, കേരളത്തിന്റെ ടൂറിസം അംബാസഡറായി ബിഗ്-ബീ അമിതാബ് ബച്ചനെ നിയമിക്കാനെടുത്ത കേരളത്തിന്റെ തീരുമാനത്തെ നാം എതിര്‍ക്കേണ്ടി വരുന്നത്. ദൈവത്തിന്റെ സ്വന്തം നാടായി നമ്മള്‍ വിളിക്കുന്ന നമ്മുടെ കേരളത്തിന്ന് എന്തിന് ഒരു അംബാസഡറിന്റെ ആവശ്യം?

കേരളത്തിന്റെ പൊതു ധനത്തില്‍ നിന്ന് എന്തിന് നാം വെറുതെ പണം ചെലവഴിക്കണം? ഇതു കൊണ്ട് ടൂറിസത്തില്‍ പുരോഗമനം കൈവരിക്കാന്‍ കഴിയുമോ? ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയല്ലെ ആദ്യം വേണ്ടത്? അടിസ്ഥാന സൌകര്യങ്ങള്‍ ഇപ്പോഴും നമുക്ക് വേണ്ടത്രയില്ല. തേക്കടിയില്‍ ഉണ്ടായ രീതിയിലുള്ള അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികളല്ലെ ആദ്യം ഉണ്ടാവേണ്ടത്? ഈ രീതിയിലുള്ള ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ടൂറിസ്റ്റുകളുടെ സുരക്ഷാ ബോധം വര്‍ദ്ധിക്കുകയും കേരളത്തിന്റെ ടൂറിസത്തില്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്യും എന്നുള്ള കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

എളുപ്പത്തില്‍ എങ്ങനെ കാര്യം നേടാം എന്നതായിരിക്കരുത് നമ്മുടെ രീതി. അടിസ്ഥാന വികസനമായിരിക്കണം ലക്ഷ്യം. മാര്‍ക്സിസ്റ്റ് ഭരണത്തിന്റെ ശിരസ്സില്‍ എങ്ങിനെ ഇത്തരമൊരു ചിന്ത തളിര്‍ത്തു എന്നത് അതിശയോക്തിക്ക് ഇടം നല്‍കുന്നു. കച്ചവട സംസ്കാരത്തിന്റെ വേരോട്ടം പാര്‍ട്ടിക്കുള്ളിലേക്കും വ്യാപിച്ചു തുടങ്ങിയോ? കടുത്ത വിമര്‍ശനത്തിന്റെ ഫലമായി തീരുമാനം റദ്ധുചെയ്തത് എന്തായാലും നന്നായി. ഇടതു പക്ഷത്തില്‍ നിന്ന് പ്രതീക്ഷീക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെയുണ്ട്. അവരില്‍ നിന്ന് ശരിയല്ലാത്ത ഒരു നടപടിയുണ്ടായാല്‍ ശക്തമായ വിമര്‍ശനമുണ്ടാകും. അവരും നിങ്ങളെ നയിക്കുന്നവരാണ്. നിങ്ങളല്ല ജനത്തെ നയിക്കുന്നത്. ഇടതുപക്ഷത്തെ ജനങ്ങളാണ് നയിക്കുന്നത്. അതാണ് ഇടതുപക്ഷത്തിന്റെ ശ്രേഷ്ഠത. മഹനീയത.


2010 മാർച്ച് 8, തിങ്കളാഴ്‌ച

ബസ്സിറങ്ങി കിഴക്കോട്ട് പോയാല്‍ ...... (ഒന്നാം ഭാഗം)

എന്റെ നാട്ടില്‍ ഈനാശു എന്ന് പേരായ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ബീഡി തെരുപ്പായിരുന്നു ജോലി. കൂടാതെ ഒരു ചായക്കടയും അയാള്‍ നടത്തിയിരുന്നു. എന്റെ നാട്ടിലെ എല്ലാവരും ആ ചായക്കടയിലേക്കാണ് രാവിലെ ചായ് കുടിക്കുവാന്‍ പോയിരുന്നത്.

രാവിലെ വളരെ നേരത്തെ എന്റെ അച്ഛന്‍ എഴുന്നേല്‍ക്കുമായിരുന്നു. എഴുന്നേറ്റ ഉടനെ അച്ഛന്‍ ഒരു ബീഡി കത്തിച്ച് വലിക്കും. എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ അച്ഛന്‍ പുക വലിക്കുമായിരുന്നു. വലി കഴിഞ്ഞാല്‍ നേരെ കക്കൂസ്സില്‍ പോകും. പല്ലു തേപ്പിന്നു ശേഷം പിന്നെ ഈനാശുവിന്റെ കടയിലേക്കായിരിക്കും പോകുന്നത്. വീട്ടില്‍ ആ നേരത്ത് ആരും എഴുന്നേറ്റിട്ടുണ്ടാകില്ല.

അന്നൊന്നും ഞങ്ങളുടെ നാട്ടില്‍ വേണ്ടത്ര വൈദ്യുതി വെളിച്ചം ഉണ്ടായിരുന്നില്ല. ഒരു റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിലായിരിക്കും ചായക്കടയില്‍ നേരം പുലരുന്നത്. രണ്ട് ബെഞ്ചും രണ്ട് ഡസ്ക്കുമായിരുന്നു അവിടെയുണ്ടായിരുന്നത്. അതില്‍ ആളുകള്‍ നിറഞ്ഞാല്‍ മറ്റുള്ളവര്‍ നിലത്ത് കുത്തിയിരിക്കും. പാടത്തിന്റെ വരമ്പത്തിരിക്കുന്ന കൊറ്റിയെ പോലെ. ചായ കുടിയും ഒപ്പം തന്നെ ലോക കാര്യ്ങ്ങളും അവര്‍ അവിടെയിരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യും. ഈനാശുവിന്റെ ഭാര്യ മറിയം ഉണ്ടാക്കുന്ന പുട്ടും വെള്ളപ്പവും മുറയ്ക്ക് തീര്‍ന്നുക്കൊണ്ടിരിക്കും. കോള്‍പ്പടവിനോട് തൊട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ പാടത്തെ വിശേഷങ്ങളായിരിക്കും അവരുടെ പ്രധാന ചര്‍ച്ചാ വിഷയം.

“ഇത്തവണ കണ്ടത്തിലാകെ കളയാണ്” നാട്ടില്‍ എല്ലാ ഞായറാഴ്ചയും ഇറച്ചി വില്‍ക്കുന്ന കറുത്ത ഹമീദ് ചുടു ചായ മോന്തുന്നതിനിടയില്‍ പറഞ്ഞു.

“എന്തൂട്ടാ ചെയ്യാ, പാടായ പാടം മുഴോനും കവട്ടന്ന്യാണ്” ചായ കൂട്ടുന്നതിനിടയില്‍ ഈനാശു പിന്തിരിഞ്ഞ് പറഞ്ഞു.

“അതിനിപ്പൊ എന്തൂട്ട്നാ പേടിക്കണത്?” ഒന്ന് ചുമച്ച് കാര്‍ക്കിച്ച് തുപ്പിയതിനു ശേഷം ശ്രീനി പറഞ്ഞതിനു ശേഷം അയാള്‍ ഇരിക്കാനായി ഒരു പഴുതു നോക്കി.

“നിനക്കൊന്ന് അങ്ങോട്ട് മാറി തുപ്പിക്കൂടെ?” ബെഞ്ചിലിരുന്ന് ചായ കുടിക്കുന്ന കോരന്റെ പ്രതിഷേധം ശ്രീനി വകവെച്ചില്ല. ശ്രീനി ലോകം കണ്ട ആളാണ്. ഇംഗ്ലീഷ് പേപ്പര്‍ വായിക്കുന്നവന്‍ .....! ലോക വിവരമുള്ളവന്‍ . “കളക്ക് തെളിക്കാനുള്ള ഒരു മരുന്നുണ്ടത്രെ” തന്റെ അറിവ് ചായക്കടയിലെ പാര്‍ലിമെന്റിന്ന് മുന്‍പാകെ അയാള്‍ അവതരിപ്പിച്ചു.

“എന്ന ശരി, അതൊന്ന് ഇമ്മയ്ക്ക് പരീക്ഷീക്കാം” എല്ലാവരും തലയാട്ടി സമ്മതം കൊടുത്തു.

മറിയേടത്തി പുട്ടും വെള്ളപ്പവും ആവി പോകുവാന്‍ ഒരു പരന്ന പാത്രത്തില്‍ പരത്തിയിട്ടു. പുട്ടും മുതിരയുമാണ് അവിടത്തെ പ്രധാന പലഹാരം. ചായ കുടിച്ച് തിരിച്ച് വരുമ്പോള്‍ അച്ഛന്‍ എന്നും എനിക്ക് പുട്ടോ വെള്ളപ്പമോ കൊണ്ടു വരുമായിരുന്നു.

“എഴുന്നേറ്റില്ലെടാ, ഇത് തിന്നോ” വത്സല്യത്തോടെ അച്ഛന്‍ വിളിക്കും. അപ്പോഴും ഞാന്‍ കിടക്കപ്പായയില്‍ തന്നെയായിരിക്കും.

വീട്ടില്‍ ഏറ്റവും ഇളയതായതിനാല്‍ ഏറെ ലാളനയും പരിഗണനയും എനിക്ക് കിട്ടിയിരുന്നു. എന്നാലും ചിലപ്പോള്‍ പുളിവാറിന്റെ ചൂടറിയുന്നതിലും ഒട്ടും കുറവല്ലായിരുന്നു. അച്ഛന്‍ ചായക്കടയില്‍ നിന്ന് വരുമ്പോള്‍ മിക്കവാറും ഞാന്‍ ഉമ്മറത്ത് തന്നെ കിടന്നുറങ്ങുകയായിരിക്കും. അച്ഛനും ഉമ്മറം തന്നെയാണ് ഉറങ്ങുവാന്‍ തെരഞ്ഞെടുത്തത്. ഏഴാം ക്ലാസ്സ് വരെ ഞാന്‍ അമ്മയുടെ മൂടും താങ്ങിയാണ് ഉറങ്ങിയിരുന്നത്. അമ്മ കിടന്നിരുന്നത് വീടിന്റെ വല്യകത്താണ്. കൂട്ടുക്കാരൊത്ത് രാത്രി സെക്കന്റ് ഷോ കാണാന്‍ പോകുന്നതിനും തിരികെ വന്ന് കിടന്നുറങ്ങുന്നതിനും പറ്റിയ സ്ഥലം എന്ന നിലയിലാണ് ഞാന്‍ ഉറങ്ങാനായി ഉമ്മറം തെരഞ്ഞെടുത്തത്. എങ്കിലും രാത്രി ഒറ്റക്ക് കിടക്കുവാന്‍ പേടി തോന്നിയിരുന്നു. ഉടുത്തിരുന്ന മുണ്ടഴിച്ച് മുഖം മൂടി കിടക്കും. രാത്രി മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മുറ്റത്തേയ്ക്ക് നീട്ടി വിടും.

“എന്താ ഇവിടെ മൂത്രത്തിന്റെ ഒരു കുമ്മല്?” അമ്മ പിറ്റേന്ന് മുറ്റമടിക്കുമ്പോള്‍ ചോദിക്കും

ഒന്നുമറിയാത്ത പോലെ തെക്കേപ്പുറത്ത് ചെന്നിരുന്ന് ഞാന്‍ പല്ല് തേയ്ക്കും. അമ്മയ്ക്കറിയാം അത് ഞാനാണ് ഒപ്പിച്ചതെന്ന്. എന്നാലും അമ്മ ഒന്നും പറയാതെ വല്യമ്മായിയുടെ വീട്ടില്‍ നിന്ന് ചാണകം കൊണ്ട് വന്ന് കലക്കി തെളിക്കും.

അടുക്കളയില്‍ വെച്ചിരിക്കുന്ന പുട്ടും മുതിരയും ശര്‍ക്കര ചായയും കുടിച്ച് ഞാന്‍ തൊട്ടടുത്തുള്ള കുന്നിന്മുകളിലോട്ട് പോകും. ഞങ്ങളുടെ നാട്ടില്‍ അന്നൊന്നും മിക്കവാറും വീടുകളില്‍ കക്കൂസുകളില്ല. അവിടെയുള്ളവര്‍ ആ കുന്നിലേക്കാണ് വെളിയിലിരിക്കാന്‍ പോയത്. മുസ്ലീം പള്ളിയോട് അടുത്ത് കിടക്കുന്ന ആ കുന്ന് പള്ളിയുടെ വകയെന്നാണ് ഞങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കിയിരുന്നത്. അവിടെ ധാരാളം കശുമാവുകള്‍ തിങ്ങി നിറഞ്ഞിരുന്നു.

വേനല്‍ക്കാല അവധിയില്‍ ഞങ്ങളവിടെ മരം കേറി കളിക്കാനും അണ്ടി പറക്കാനും പോയി. മുക്കിലെ പീഠികയില്‍ നിന്ന്, അണ്ടി കൊടുത്ത് ഞങ്ങള്‍ വാട്ടക്കൊള്ളി വാങ്ങി കീശയില്‍ നിറച്ചു. വീട്ടില്‍ നിന്ന് ഒരച്ചി ശര്‍ക്കരയും എടുത്ത് തങ്കമ്മായിയുടെ വീടിന് താഴെയുള്ള മുത്തന്‍മാവിന്റെ തണലില്‍ ചെന്നിരുന്ന് വാട്ടക്കൊള്ളി തിന്നു. മരച്ചീനി പുഴുങ്ങി കൊത്തിയരിഞ്ഞ് വെയിലത്തിട്ട് ഉണക്കിയാണ് വാട്ടക്കൊള്ളിയുണ്ടാക്കുന്നത്. ദരിദ്രര്‍ തിന്നുമ്പോള്‍ ബഹുരസം...!

വാട്ടക്കൊള്ളി സുലഭമായി കിട്ടിയിരുന്ന കാലമായിരുന്നു അന്ന്. എന്റെ വീട്ടില്‍ ചിലപ്പോള്‍ വാട്ടക്കൊള്ളിക്കൊണ്ട് പായസം വെച്ച് തരുമായിരുന്നു അമ്മ. ഇടയ്ക്ക് ഗോതമ്പ് കഞ്ഞിയും വെക്കുമായിരുന്നു. കൊയ്ത് കിട്ടിയ നെല്ല് ഒരു വര്‍ഷത്തേക്ക് തികയുകയില്ലായിരുന്നു. ദാരിദ്ര്യം വേണ്ടുവോളം ഉണ്ടായിരുന്ന കാലം. കൊയ്ത്ത്ക്കാലമായാല്‍ ഞങ്ങള്‍ എല്ലാവരും കൊയ്യാനായി പോകും.

മാന്ത്ട്ടി മനക്കിലെ കൊയ്ത്താണ് പ്രധാനം. അച്ഛന്‍ അവിടത്തെ കാര്യ്സ്ഥനായിരുന്നു. അന്ന് കൊയ്ത്ത് ഒരു ഉത്സവമായിരുന്നു. രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് പാടത്തേക്ക് പോകും. ഏഴ് മണിക്ക് മുന്‍പായി കൊയ്ത്തിനിറങ്ങണം. അതാണ് അന്നത്തെ നിയമം. അച്ഛനായിരുന്നു മനക്കിലെ നിയമപാലകന്‍ . തമ്പ്രാന്‍ പത്തു മണിയോടു കൂടിയെ പാടത്ത് എത്തുകയുള്ളൂ. അതു വരെ അച്ഛനായിരിക്കും തമ്പ്രാന്‍ .

“താഴ്ത്തി കൊയ്തോളണം, ഇല്ലെങ്കില്‍ ഇവിടെ ആരും കൊയ്യില്ല” കൊയ്ത്തിനു മുന്‍പായി അച്ഛന്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു.

കൊയ്യുന്നവരുടെ പുറകില്‍ കൂടി അച്ഛന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ആരും നെകത്തി കൊയ്യുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഒരു വാളരി ചെത്താനായി കുനിയും. വീണ്ടും നിവര്‍ന്ന് നിന്ന് സംശയം തീര്‍ക്കും.

“രണ്ട് ചുരുട്ട് അരിയാന്‍ നോക്ക് നിങ്ങള്, അവര്‍ക്കറിയാം കൊയ്യാന്‍” അമ്മ അച്ഛനെ സൌമ്യമായി ചീത്ത പറയും.

തമ്പ്രാന്‍ വരുന്നത് കണ്ടാല്‍ അച്ഛന്‍ കൊയ്ത്ത് നിറുത്തി, താഴ്ത്തി കൊയ്യാന്‍ പറഞ്ഞ് എല്ലാവരെയും വീണ്ടും ശകാരിക്കാന്‍ തുടങ്ങും. ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി ഒരു കുടയും പിടിച്ച് തമ്പ്രാന്‍ കണ്ടത്തിന്റെ വരമ്പത്ത് നിലക്കൊള്ളും. എന്റെ നേര്‍ക്ക് നോക്കുമ്പോഴെക്കെ ‘അദ്ദേഹം എന്നെ നോക്കി ചിരിച്ചുവോ?’ എന്ന് പലപ്പോഴും എനിക്ക് തോന്നി. എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.

കൊയ്ത്ത് അരക്കണ്ടം കഴിഞ്ഞാല്‍ ഞങ്ങള്‍ കറ്റയെടുക്കാന്‍ തുടങ്ങും. ഞാനും സുധാകരനുമായിരിക്കും ആദ്യം കറ്റയെടുക്കുന്നത്. കുന്നത്തുള്ളിയിലുള്ള കൊച്ചേച്ചിയുടെ മകനാണ് സുധാകരന്‍ . രണ്ട് മൂന്ന് നാഴിക അകലെയുള്ള മനയെ ലക്ഷ്യമാക്കി ഞങ്ങള്‍ കറ്റയുമായി ഓടും. വല്യമ്പലത്തിനു മുന്‍പുള്ള ഒരു അത്താണിയില്‍ അല്പ നേരം കറ്റ ഇറക്കി വെച്ച്, തല ചൂടാറ്റി വീണ്ടും ഏറ്റും. ആദ്യം എത്തുന്നയാള്‍ക്ക് കയ്യാലയില്‍ സ്ഥലം പിടിക്കാം. കയ്യാലയില്‍ ഇടം കിട്ടിയാല്‍ ചവിട്ടും മെതിയും തണലത്ത് നിന്നാകാം. ഇല്ലെങ്കില്‍ ചുട്ട് പഴുത്ത് കിടക്കുന്ന ഓട് പാകി കിടക്കുന്ന മുറ്റത്തു നിന്നു വേണം മെതിയും കാറ്റത്തിടലും.

“കയ്യാലയില്‍ എനിക്കും ഒരു ഇടം പിടിച്ചോളൂ ട്ടാ” മക്കളില്ലാത്ത തങ്കക്കുഞ്ഞമ്മ എപ്പോഴും ആവശ്യപ്പെടും. ചായ വാങ്ങി തരാം എന്നു പറഞ്ഞിട്ടാണ് ആവശ്യപ്പെടുക. ഒരിക്കലും കിട്ടാത്ത ചായക്കു വേണ്ടി ഞങ്ങള്‍ എന്നും അവര്‍ക്കും കൂടി ഇടം പിടിക്കും.

കറ്റ കയ്യാലയില്‍ ഒതുക്കി വെച്ച് കഴിഞ്ഞാല്‍ നേരെ തമ്പ്രാന്റെ വീട്ട് പടിക്കല്‍ നില്‍ക്കുന്ന ഗോമാവിന്റെ ചുവട്ടിലേക്കോടും. പഴുത്ത് വീണു കിടക്കുന്ന മാമ്പഴം കിട്ടിയില്ലെങ്കില്‍ താഴത്തെ കൊമ്പില്‍ നിന്ന് നല്ല മൂത്ത മാങ്ങ തല്ലി വീഴ്ത്തും. ആരും ഒന്നും പറയില്ലായിരുന്നു. തലയില്‍ കെട്ടുന്ന തോര്‍ത്തില്‍ മാങ്ങ പൊതിഞ്ഞ് ഒരിടത്ത് വെച്ച് മനയുടെ അടുക്കള ഭാഗത്തേക്ക് ഞാന്‍ പോകും.

"കുടിക്കാന്‍ അല്പം വെള്ളം വേണം” ഞാന്‍ നീട്ടി വിളിച്ചു പറയും

“ഇത് എല്ലാവരും കുടിച്ചോളൂ” അകത്ത് നിന്ന് ഒരു ചെമ്പ് പാത്രത്തില്‍ നിറയെ സംഭാരം കൊണ്ട് വന്ന് തമ്പ്രാട്ടി പറയും.

കുടി കഴിഞ്ഞ് ചിറി തുടച്ച് മാങ്ങയും കടിച്ച് വലിച്ച് ഞങ്ങള്‍ വീണ്ടും പാടത്തേയ്ക്ക് വലിഞ്ഞു നടക്കും. ഏലാമുത പാടത്തേയ്ക്ക്.

ഏലാമുത പാടത്തേയ്ക്ക് ഇറങ്ങുന്നതിന് തൊട്ടു മുന്‍പാണ് കുഞ്ഞിമൊയ്തീനിക്കായുടെ ഓല കൊണ്ട് മേഞ്ഞ ചായക്കട. മുളക്കൊണ്ട് ഉണ്ടാക്കിയ നീളം കൂടിയ ഒരു ബെഞ്ചും ഒരു ഡസ്ക്കും മാത്രമെ അവിടെയുണ്ടായിരുന്നുള്ളൂ. തണലിനു വേണ്ടി ഒരു പന്തലും മുന്നിലെ മുറ്റം ചാണകവും മെഴുകിയിരിക്കും. ഇതാണ് മൊയ്തീനിക്കായുടെ ചായക്കട. കൊയ്ത്ത് കാലത്ത് മാത്രമെ ഈ ചായക്കടയുടെ ആയുസ്സുണ്ടായിരിക്കുകയുള്ളൂ. പാടത്തിന്റെ അങ്ങേ അറ്റത്തുനിന്ന് തലയില്‍ കറ്റ ചുമന്ന് വരുന്നവര്‍ക്ക് ഈ കടയൊരു ആശ്വാസമായിരുന്നു. കറ്റ അവിടെ ഇറക്കി വെച്ച് ചായ കുടിച്ച് തല ചൂടാറ്റിയതിനു ശേഷമെ അവര്‍ പോകുമായിരുന്നുള്ളൂ.

കപ്പ പുഴ്ങ്ങിയതും പത്തിരിയുമാണ് അവിടെ എന്നും കിട്ടിയിരുന്നത്. അച്ഛന്‍ കടയില്‍ ഉണ്ടെങ്കില്‍ എന്നെയും വിളിക്കുമായിരുന്നു.

“അവനൊരു കൊള്ളിസ്റ്റൂം പാലുംവെള്ളവും കൊട്ക്ക്” എപ്പോഴും അടുപ്പില്‍ കുത്തിയിളക്കുന്ന മൊയ്തീനക്കയോടായി അച്ഛന്‍ പറയും.

മൊയ്തീനിക്ക വളരെ സൂത്രശാലിയായിരുന്നത്രെ...! തൊട്ടടുത്തുള്ള കുഞ്ഞാലിക്കായെ വെട്ടിച്ച് ചായക്കട നടത്താനുള്ള അവകാശം കോള്‍പ്പടവ് കമ്മിറ്റിയില്‍ നിന്ന് അയാള്‍ തട്ടിയെടുക്കും. അഞ്ച് പെണ്മക്കളുണ്ടെന്നാണ് അയാള്‍ കട നടത്തുന്നതിനായുള്ള ന്യായമായി പറയാറുള്ളത്. കോള്‍പ്പടവ് കമ്മിറ്റി എല്ലാ തവണയും കട നടത്തുന്നതിനുള്ള അവകാശം ലേലം വിളിയിലൂടെയാണ് നല്‍കി വരാറ്. പെണ്മക്കളെ ചൊല്ലിയുള്ള പരിഗണനയില്‍ ലേലം മൊയ്തീനിക്ക തന്നെ അടിച്ചെടുക്കും.

മൊയ്തീനിക്കായ്ക്ക് ഒരു എതിരാളി കുഞ്ഞാലിക്കയായിരുന്നു എന്നും. കാല് ഒന്ന് അല്പം നീളം കുറഞ്ഞതിനാല്‍ കുഞ്ഞാലിക്കയുടെ നടത്തത്തില്‍ ഇത്തിരി അഭംഗിയുണ്ട്. എന്നാലും രാഷ്ട്രീയ കാലുമാറ്റത്തില്‍ അദ്ദേഹം മഹാ വിരുതനായിരുന്നു എന്നു പറയാതെ വയ്യ.

ഒരിക്കല്‍ അദ്ദേഹം ഒരു കോണ്‍ഗ്രസ്സായിരുന്നു. പിന്നെ ലീഗിലേക്ക് പോയി. വീണ്ടും തിരിച്ച് കോണ്‍ഗ്രസ്സിലേക്കു തന്നെ പോയി. ഇപ്പോള്‍ എവിടെയാണെന്ന് അദ്ദേഹത്തിന്നു പോലും അറിയില്ല.

കുഞ്ഞാലിക്കയെ പോലെയുള്ളവരായിരുന്നു എന്റെ നാട്ടിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. മറുക്കണ്ടം ചാടുന്നവരും തിരിച്ച് വരുന്നവരും. എങ്കിലും എന്റെ പഞ്ചായത്ത് തുടരെ തുടരെ അവര്‍ തന്നെ ഭരിച്ചു. ഞങ്ങള്‍ ദരിദ്ര വിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുമായി അന്തിയുറങ്ങി. ‘കൃഷിഭൂമി കര്‍ഷകന്’ എന്ന കമ്മ്യൂണിസ്റ്റാശയം ഞങ്ങളില്‍ അതിയായ ആവേശം ഉണര്‍ത്തി. ജന്മിത്വം അവസാനിപ്പിക്കുമെന്ന് മുറവിളി കൂട്ടിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്നും എന്റെ അച്ഛന് ഒരു ചോദ്യമായിരുന്നു.

“തമ്പ്രാന്‍ ഉള്ളത് കാരണമാണ് നിങ്ങളൊക്കെ ചോറുണ്ണുന്നത്” എന്നാണ് അച്ഛന്‍ പറയാറുള്ളത്.

“തമ്പ്രാന്‍ സമ്മതിച്ചില്ലെങ്കില്‍ എവിടെ പോയി നയിക്കും?” അമ്മയും അച്ഛനെ പിന്താങ്ങി പറയും.

എങ്കിലും അച്ഛന് ഇയ്യെമെസ്സിനെ ഇഷ്ടമായിരുന്നു. ഒരെറ് പോത്തിനെ വങ്ങി തിരിച്ചു വരുമ്പോള്‍ കുന്നംകുളത്ത് വെച്ച് അദ്ദേഹത്തിന്റെ വിക്കി വിക്കിയുള്ള പ്രസംഗം അച്ഛന്‍ കേട്ടിട്ടുണ്ടത്രെ.

“വിക്കനാണെങ്കിലും അറിവുള്ളവനാണെന്ന്” തത്വശാസ്ത്രങ്ങള്‍ അറിയാത്ത അച്ഛന്‍ തത്വത്തില്‍ അംഗീകരിക്കാറുണ്ട്.

പക്ഷെ പാര്‍ട്ടിയുടെ പേരും പറഞ്ഞ് പണിയെടുക്കാതെ നടക്കുന്നവരോട് അച്ഛന് എന്നും എതിര്‍പ്പായിരുന്നു. ഏട്ടന്‍ മുത്തന്‍ ആണൊരുത്തനായിട്ടും പണിയെടുക്കാതെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുമ്പോള്‍ മുഖത്ത് നോക്കി പറഞ്ഞില്ലെങ്കിലും രാത്രിയായാല്‍ അച്ഛന്‍ അമ്മയുമായിരുന്ന് വെറ്റില മുറുക്കുമ്പോള്‍ പിറുപിറുക്കുമായിരുന്നു. എന്നാലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ശങ്കരേട്ടന്‍ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അച്ഛനും ഷാപ്പില്‍ വെച്ച് ഒരു ഗ്ലാസ്സ് കള്ള് അധികം കുടിച്ച് ആഹ്ലാദിച്ചു.

“പണ്ടൊക്കെ നല്ല കലര്‍പ്പില്ലാത്ത കള്ള് കിട്ടുമായിരുന്നു” അച്ഛന്‍ ഇടയ്ക്ക് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

കണാരേട്ടനാണ് എന്റെ വീട്ടിലെ തെങ്ങ് ചെത്താന്‍ വന്നിരുന്നത്. ബലിഷ്ടമായ കൈകളും വിരിഞ്ഞ മാറിടവും ഉള്ള ഒരാളായിരുന്നു അയാള്‍ .

രാവിലെ ചെത്തിറങ്ങിയ കള്ളുമായി അയാള്‍ പോകുമ്പോള്‍ അച്ഛന്‍ പറയും ‘ഒരു ഗ്ലാസ്സ് കള്ള് അവിടെ വെച്ചോ കണാരേട്ടാ”. ഏട്ടന്റെ മോന് കൊടുക്കാനാണ് അച്ഛന്‍ കള്ള് ആവശ്യപ്പെട്ടിരുന്നത്.

“ചെറുപ്പത്തില്‍ ഓരോ ഗ്ലാസ്സ് കള്ള് കുടിക്കുന്നത് ശരീരത്തിന്ന് നല്ലതാണ്” എന്നാണ് അച്ഛന്റെ വിവക്ഷ.

തപാലാപ്പീസിലേക്ക് പോകുന്ന വഴിക്കുള്ള തിരിവിലാണ് കള്ള് ഷാപ്പ് നിന്നിരുന്നത്. രാവിലെ തുറന്നാല്‍ വൈകീട്ട് അടക്കുന്നതു വരെ എന്റെ നാട്ടിലുള്ള മുതിര്‍ന്നവരെല്ലാം അവിടെ നിന്നാണ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചത്. തപാലാപ്പീസിലേക്ക് വല്ലപ്പോഴുമൊരിക്കല്‍ സ്റ്റാമ്പ് വാങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അവിടെയെത്തിയാല്‍ കള്ളിന്റെ മണം ആവോളം ആസ്വദിച്ചു.

ജലാലിക്കയുടെ ഓട് മേഞ്ഞ കെട്ടിടത്തിലാണ് തപാലാപ്പീസ്സ് നിന്നിരുന്നത്. പുറത്ത് ചുമരില്‍ ഒരു ചുവപ്പന്‍ തപാല്‍പ്പെട്ടിയും തൂക്കിയിരുന്നു. പോസ്റ്റ് മാഷിന്ന് ഇരിക്കാന്‍ ഒരു കസേരയും പിന്നെ ഒരു മേശയും കൂടാതെ മറ്റൊരു ചെറിയ ഡസ്ക്കുമായിരുന്നു അവിടെയുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ . എന്റെ നാട്ടിലെ എല്ലാ ജനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സ്വന്തം പേര്‍ നഷ്ടമായ ഒരു ‘മാഷായി’ അദ്ദേഹം അറിയപ്പെട്ടു. ചില വഴക്കുകളില്‍ അദ്ദേഹം ഒത്തു തീര്‍പ്പുണ്ടാക്കി. നിയമം പഠിക്കാത്ത അദ്ദേഹത്തെ കര്‍ഷകതൊഴിലാളികള്‍ നിയമോപദേശം തേടി സമീപിച്ചു. അങ്ങിനെ മാഷ് ഞങ്ങളുടെ നാട്ടിലെ എല്ലാമെല്ലാമായി. മാഷ് എതിരെ വരുന്നത് കണ്ടാല്‍ എല്ലാവരും റോഡിന്റെ ഓരം ചേര്‍ന്ന് പോയി. വാക്കുകളിലും പ്രവര്‍ത്തികളിലും മാഷിനോട് ഭവ്യത പുലര്‍ത്തി.

കൃത്യനിഷ്ഠതയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്ന മാഷ് പക്ഷെ ശിപായി വേലായുധേട്ടന്റെ കാര്യത്തില്‍ അത്ര കണിശക്കാരനല്ലായിരുന്നു. ഒരു പക്ഷെ വേലായുധേട്ടന്റെ അക്ഷീണപ്രയത്നമായിരിക്കണം കാരണം. ഒരു കാല്‍ക്കുടയുമായി അയാള്‍ നാട്ടിലെല്ലായിടത്തും സന്ദേശവാഹകനായി ഓടി നടന്നു.

“എനിക്ക് കത്തുണ്ടോ?” വേലായുധേട്ടന്‍ വരുന്നതു കാണുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു.

“ഇല്ല, നാളെ വരും” കഷണ്ടിയുടെ തിളക്കത്തെ വെല്ലുന്ന ചിരിയുമായി വേലായുധേട്ടന്‍ മറുപടി തരും.

വേലായുധേട്ടന്റെ വീട് വെങ്കിടങ്ങ് സെന്ററിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു. വെങ്കിടങ്ങിലായിരുന്നു തപാലാപ്പീസിന്റെ പ്രധാന ആസ്ഥാനം. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം വേലായുധേട്ടന്ന് പിന്നെ അങ്ങോട്ടായിരുന്നു സ്ഥാനക്കയറ്റം കിട്ടിയത്. വെങ്കിടങ്ങ് സെന്ററാണ് എന്റെ നാട്ടിലെ വാണിജ്യ കേന്ദ്രം.

അച്ഛനും അമ്മയും വൈകീട്ട് പണി മാറ്റി വന്നാല്‍ ‘വെട്ടോഴിലേക്ക്’ പോയിരുന്നത് ഈ വാണിജ്യ കേന്ദ്രത്തിലേക്കായിരുന്നു. മെളകേരന്റെ പച്ചക്കറി പീടികയും ബാലന്‍ നായരുടെ പല ചരക്ക് കടയും ഉണ്ടയുടെ കടയും വര്‍ക്കിയേട്ടന്റെ തുണിക്കടയുമൊക്കെ ഇവിടെയായിരുന്നു. വര്‍ക്കിയേട്ടന്റെ തുണിക്കടയില്‍ നിന്നാണ് അമ്മ എനിക്ക് ട്രൌസ്സറും കുപ്പായവും എടുത്തു തന്നിരുന്നത്. അമ്മയ്ക്ക് അവിടെ ഒരു നറുക്ക് കുറിയുണ്ടായിരുന്നു. ഉത്സവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ എടുക്കാന്‍ വേണ്ടിയുള്ള കുറിയായിരുന്നു അത്. ചിലപ്പോഴൊക്കെ അമ്മ അതില്‍ നിന്ന് പൈസയും വായ്പ വാങ്ങിയിരുന്നു.

ഇങ്ങനെ വായ്പ എടുത്തിട്ടാണ് അമ്മ എനിക്ക് നോട്ട് പുസ്തകം വാങ്ങി തന്നിരുന്നത്. രണ്ട് വര കോപ്പി പുസ്തകം ബാലന്‍ നായരുടെ പീടികയില്‍ നിന്നാണ് വാങ്ങിക്കുക. വീടിന് സമീപം ‘ആമന്ത്രു കോളേജ്’ എന്നു വിളിക്കുന്ന ഒരു സ്കൂളുണ്ടെങ്കിലും ഞാന്‍ പഠിച്ചത് ‘പാറ സ്കൂള്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന മുല്ലശ്ശേരി ഹിന്ദു യു പി സ്കൂളിലാണ്. അന്ന് അവിടത്തെ സര്‍വ്വാധിപതി മണി മാഷായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ഒരിക്കലും സ്കൂളിന്റെ നേരിട്ടുള്ള പടി കയറി പോയിരുന്നില്ല. നേരിട്ട് കയറി ചെല്ലുമ്പോള്‍ കാണുന്ന സര്‍വ്വാധിപതിയുടെ രൂപം ഞങ്ങള്‍ കുട്ടികളെ ഭയചകിതരാക്കി.

രാവിലെ നേരത്തെ സ്കൂളിലെത്തിയ ഞങ്ങള്‍ പൊറിഞ്ചുവിന്റെ കടയില്‍ നിന്ന് പെന്‍സില്‍ വാങ്ങിക്കാനായി പോകും. തിരക്കിന്നിടയില്‍ ചിലര്‍ ആരും കാണാതെ സ്ലേറ്റ് പെന്‍സിലുകള്‍ കടയില്‍ നിന്ന് മോഷ്ടിച്ചു. ക്ലാസ്സില്‍ കേട്ടെഴുത്തില്‍ കട്ടെഴുതാന്‍ അവസരം ഒരുക്കിയാല്‍ , കൂട്ടുക്കാര്‍ക്ക് ഞങ്ങള്‍ പെന്‍സിലുകള്‍ വീതം വെച്ചു കൊടുത്തു. ക്ലാസ്സ് ടീച്ചറും ഇംഗ്ലീഷ് അധ്യാപികയുമായ കല്യാണി ടീച്ചര്‍ , കേട്ടെഴുത്ത് തെറ്റിച്ചാല്‍ ഞങ്ങളുടെ കൈയില്‍ ചൂടുള്ളത് രണ്ട് മൂന്നെണ്ണം വെച്ചു തരും. ട്രൌസ്സറിന്റെ കീശയില്‍ കൈ തിരുകിയാണ് ഞങ്ങള്‍ ചൂടകറ്റിയത്.

ഇടവേളകളില്‍ ഞങ്ങള്‍ സ്കൂളിന് പുറകുവശത്തുള്ള കൊപ്രാക്കാരന്‍ ജോസപ്പേട്ടന്റെ വീട്ടില്‍ പോയി തേങ്ങാവെള്ളം കുടിച്ചു. തേങ്ങാവെള്ളത്തിനു വേണ്ടി ഞങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വന്നു. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ , ഒരു തുണ്ട് തേങ്ങാ കഷ്ണം ഞാന്‍ അകത്താക്കി. ജോസപ്പേട്ടന്റെ അപ്പന്‍ വര്‍ഗ്ഗീസപ്പൂപ്പന്‍ ഇതു കണ്ടു പിടിച്ചു. എന്നെ കയ്യോടെ പിടി കൂടി.

“എടാ, നീയെന്താ ചെയ്തത് ? നിന്നെയിപ്പൊ കാണിച്ചു തരാം” അപ്പൂപ്പന്‍ എന്നെ കയ്യില്‍ കയറി പിടിച്ചു.

അപ്പൂപ്പന്‍ എന്നോട് തേങ്ങായുടെ പൈസ കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. കുടിച്ച വെള്ളം മുഴുവനും തുടയില്‍ കൂടി താഴോട്ടു ഒലിച്ചിറങ്ങി. ഇതു കണ്ടപ്പോള്‍ അപ്പൂപ്പന്‍ എന്നെ വെറുതെ വിട്ടു. അതിനു ശേഷം ഒരിക്കലും ഞാന്‍ അവിടെ പോയിട്ടില്ല.

തേങ്ങാ കച്ചവടമില്ലാത്ത ജോസപ്പേട്ടന്റെ വീട് ഇപ്പോഴും സ്കൂളിനു പുറകു വശം പകച്ചു നില്‍ക്കുന്നു. തന്റെയരികത്തേയ്ക്ക് തേങ്ങാവെള്ളം കുടിക്കാന്‍ വരാത്ത കുട്ടികളെ ഓര്‍ത്തു കൊണ്ടായിരിക്കുമോ അത്? കൊപ്രകളെക്കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന മുറ്റം ഇപ്പോള്‍ കോഴികളുടെയും പട്ടികളുടെയും ചവിട്ടേറ്റ് കിടക്കുന്നു......വീണ്ടും കുട്ടികളുടെ പാദസ്പര്‍ശമേല്‍ക്കാന്‍ കൊതിക്കുന്നുണ്ടായിരിക്കുമോ......?????

2010 ഫെബ്രുവരി 27, ശനിയാഴ്‌ച

മാതൃത്വം നിഷേധിക്കുന്ന അമ്മ

കേരളത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ വിത്ത് വീണ്ടും മുളച്ചു വരുവാന്‍ തുടങ്ങിയോ? തിലകനും ‘അമ്മയു’ മായുള്ള തുറന്ന പോരാട്ടം കണ്ടപ്പോള്‍ ഈ ചിന്തയാണ് എന്നെ പിടി കൂടിയത്. സിനിമ മാത്രം കണ്ട് വളരുന്ന നമുക്ക് ഒരു പക്ഷെ വെള്ളിത്തിരയ്ക്ക് പുറകില്‍ നടക്കുന്ന നാടകം എന്തെന്നറിയില്ല. താരങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും അവ പറ്റുമെങ്കില്‍ പരിഹരിക്കുവാനുമാണ് താരസംഘടന എന്നാണ് നാമെല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. തിലകന്‍ പ്രശ്നം പൊങ്ങി വന്നപ്പോഴാണ് യഥാര്‍ത്ഥത്തില്‍ താരസംഘടന ഏതെല്ലാം മേഖലയിലേക്ക് വ്യാപരിക്കുന്നുണ്ടെന്ന് നാമറിയുന്നത്.

തൊഴില്‍ സൃഷ്ടിക്കുന്നതിനു പകരം തൊഴില്‍ നിഷേധിക്കുമ്പോള്‍ അവിടെ ഫ്യൂഡല്‍ ചിന്താഗതി കടന്നു വരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിയെ കമ്മ്യൂണിസ്റ്റ് കാര്‍ നഖശിഖാന്തം എതിര്‍ത്ത് തോല്‍പ്പിച്ചിട്ടുണ്ട്. ആയതിനാലാണ് കമ്മ്യൂണിസ്റ്റുക്കാര്‍ ‘തന്നെ‘ പിന്താങ്ങണമെന്ന് തിലകന്‍ ആവശ്യപ്പെട്ടത്. തൊഴില്‍ നിഷേധം മറ്റെല്ലാ സ്വാതന്ത്ര്യ നിഷേധത്തെ പോലെ തന്നെ നാം കാണേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ അതൊരു സാമൂഹ്യ പ്രശ്നമായി തീരുന്നു. ആയതിനാലാണ് അഴിക്കോടന്‍ മാഷ് ഈ പ്രശ്നത്തില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അഭിപ്രായം പറഞ്ഞത്. മാഷിനെ പോലെ തന്നെ മറ്റെല്ലാവര്‍ക്കും ഇതില്‍ അഭിപ്രായം പറയാം. പറയണം.

മലയാള സിനിമ ദിവസം ചെല്ലും തോറും പുറകോട്ടു പോകുന്നതാണ് നാം കാണുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമ മാധ്യമം മുന്നോട്ട് കുതിക്കുമ്പോള്‍ , രണ്ട് മൂന്ന് നായകന്മാരില്‍ നമ്മുടെ സിനിമ നട്ടം തിരിയുന്നു. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നമുക്കറിയാം, ഏഷ്യാനെറ്റ് ചാനല്‍ ഒരു വേദി സൃഷ്ടിച്ചപ്പോള്‍ എത്രയോ ചെറുപ്പക്കാരായ പാട്ടുക്കാര്‍ നമ്മുടെ ഭൂമി മലയാളത്തിലുണ്ടെന്ന് നാം കണ്ടു. ഒരു വേദിയുണ്ടായപ്പോള്‍ മാത്രമാണ് നമ്മള്‍ അവരെ ദര്‍ശിച്ചത്. സിനിമാ രംഗത്ത് അത്തരത്തിലൊരു വേദി നിഷേധിക്കുന്നത് കൊണ്ട് ആരും വരുന്നില്ല. ഉള്ളവര്‍ നിന്നാടി അരങ്ങ് ‘തകര്‍ക്കുന്നു’. ഇതിനെയാണ് നാം എതിര്‍ക്കേണ്ടത്.

ഒരു തിലകന്‍ പ്രശ്നമായി മാത്രം ഇതിനെ ചുരുക്കി കാണരുത്. തിലകന്‍ പ്രകടിപ്പിച്ച എതിര്‍പ്പിന്റെ രീതിയോട് അനുകൂലിക്കാന്‍ പറ്റില്ലെങ്കിലും അദ്ദേഹം തുടങ്ങിവെച്ച പോരാട്ടം ശ്ലാഘനീയമാണ്. അഴീക്കോടന്‍ മാഷ് അതേറ്റെടുത്തപ്പോള്‍ മലയാള സിനിമയുടെ വെള്ളിത്തിരകള്‍ക്കുള്ളില്‍ നടക്കുന്ന ഫ്യൂഡല്‍ ചിന്താഗതിയെയാണ് അദ്ദേഹം ലക്ഷ്യം വെച്ചത്. ഇത്തരം പ്രവണതകളെ എതിര്‍ക്കേണ്ടത് ഏതൊരു സാമൂഹ്യ ജീവിയുടെയും കടമയാണ്. സിനിമാ രംഗത്ത് മാത്രമായി ഇതൊതുങ്ങരുത്. സാഹിത്യ രംഗത്തായാലും രാഷ്ടീയ രംഗത്തായാലും മറ്റേത് മേഖലയിലായാലും നാമിതിനെ വെച്ച് പൊറുപ്പിക്കരുത്. തിലകനും മാഷിനും ലാത്സലാം.

2010 ഫെബ്രുവരി 10, ബുധനാഴ്‌ച

കായികമായ തെറ്റുതിരുത്തല്‍

ഈയിടെയായി പത്രത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് പ്രസിദ്ധ എഴുത്തുക്കാരന്‍ സക്കറിയയെ കയ്യേറ്റം ചെയ്ത സംഭവം. വിഷയം കേരളത്തിലെ സാംസ്കാരിക മണ്ഡലത്തെ ഏറെ ബാധിച്ചില്ലെങ്കിലും രാഷ്ട്രീയ മേഖലയില്‍ അല്പം ഇളക്കം ഉണ്ടാക്കി. തീര്‍ച്ചയായും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും തെറ്റു ചെയ്തവരെ ശിക്ഷിക്കേണ്ടതുമാണ്. അദ്ദേഹത്തെ ശാരീരികമായി ഭേദ്യം ചെയ്തവരെ ശിക്ഷിച്ചിതു കൊണ്ട് മാത്രം തീരുന്നതാണോ ഇത്തരം പ്രശ്നങ്ങള്‍ ? ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണ്ടേ? തീര്‍ച്ചയായും വേണം. ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായാലെ ശരിയാംവണ്ണം മുന്‍പോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ. ആശയങ്ങള്‍ കൊണ്ടായിരിക്കണം വിമര്‍ശനത്തെ നേരിടേണ്ടത്. കായികബലം കൊണ്ടല്ല. പ്രത്യേകിച്ച് സക്കറിയയെ പോലുള്ള ഒരെഴുത്ത്ക്കാരനാകുമ്പോള്‍ . കമ്മ്യൂണിസ്റ്റുക്കാരുടെ ജീവിതശൈലി എല്ലാ കാലത്തും വിമര്‍ശന വിധേയമായിട്ടുള്ളതാണ്. വിമര്‍ശിക്കേണ്ടതുമാണ്. എങ്കിലെ അവര്‍ മറ്റുള്ളവരില്‍ നിന്നും വിത്യസ്തതയുള്ളവരായിരിക്കുകയുള്ളൂ. അവര്‍ പുരോഗമനവാദികളായിരിക്കണം. സമൂഹത്തിന്റെ ഉന്നമനമായിരിക്കണം അവരുടെ ലക്ഷ്യം. അവരെ ആക്രമിക്കാന്‍ പ്രതിലോമശക്തികള്‍ എപ്പോഴും തക്കം പാര്‍ത്തിരിക്കുന്നുണ്ടായിരിക്കാം. സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീനം കൊണ്ടായിരിക്കണം അവര്‍ ഇത്തരം ശക്തികളെ നേരിടേണ്ടത്. അല്ലാതെ കായിക ബലം തെരഞ്ഞെടുക്കകയല്ല ചെയ്യേണ്ടത്.

ആരെങ്കിലും ആ മാര്‍ഗ്ഗത്തിലേക്ക് തിരിയുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വമാണ്. ഇവിടെ സി പി ഐ എമ്മിന്റെ നേതൃത്വത്തിന്ന് അതില്‍ അതീവ ഗുരുതരമായ വീഴ്ച പറ്റി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അത്തരമൊരു നടപടിയുണ്ടായാല്‍ ശക്തമായ ഇടപെടലുണ്ടാവേണ്ടതായിരുന്നു. ഇവിടെ നാമെല്ലാം കണ്ടത്, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതിനെ അനുകൂലിച്ച് സംസാരിച്ചതാണ്. ‘വേദിയറിഞ്ഞ് പ്രസംഗിക്കണം, ക്രിസ്തുവിന്റെ നാട്ടില്‍ ചെന്ന് ക്രിസ്തുവിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം’ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ . ഒരു കമ്മ്യൂണിസ്റ്റുക്കാരന്റെ സാമാന്യ ചിന്താഗതിയില്‍ നിന്ന് തികച്ചും വിത്യസ്തമായ ഒരു അഭിപ്രായം...! സ്വന്തം കണ്ണിനെ വിശ്വസിച്ച് സത്യം വിളിച്ചോതാന്‍ കെല്പുള്ളവനായിരിക്കണം കമ്മ്യൂണിസ്റ്റുക്കാരന്‍ . സമൂഹത്തിന്റെ അല്ലെങ്കില്‍ വേദിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവന്‍ പരിഗണിക്കേണ്ടതില്ല. രാജാവ് നഗ്നനാണ് എന്ന് വിളിച്ചോതുന്ന കുട്ടിയെ പോലെ കളങ്കമറ്റതായിരിക്കണം അവന്‍ .

അല്ലാതെ വരുമ്പോള്‍ അവിടെ ഫാഷിഷത്തിന്റെ വിഷലിപ്തമായ വിത്തുകള്‍ വിതക്കപ്പെടുന്നു. സമൂഹത്തിന്ന് ഇഷ്ടമുള്ളതെ ചെയ്യാവൂ, ഭരണാധികാരികള്‍ക്ക് അനുകൂലമായെ പറയാവൂ എന്നൊക്കെ വരുമ്പോള്‍ അവിടെ പുരോഗമനം കശാപ്പ് ചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റാചാര്യന്മാരായ മാര്‍ക്സും എംഗത്സും ഇതിനെതിരെ പടനയിച്ചിട്ടുള്ളത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മതാധിഷ്ഠിതമായ സമൂഹത്തിനോട് വെല്ലു വിളിച്ചുക്കൊണ്ട് തന്നെയാണ് ശാസ്ത്രവും വളര്‍ന്നിട്ടുള്ളത്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രയോക്താക്കളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇതില്‍ നിന്ന് വ്യത്യസ്തരല്ല.

സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായപ്രകടനം ചരിത്രമറിയാതെയായിരിക്കില്ല എന്ന് വിചാരിക്കട്ടെ. കമ്മ്യൂണിസ്റ്റുക്കാരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങള്‍ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. വേണ്ടി വന്നാല്‍ ഒരു തെറ്റുതിരുത്തല്‍ രേഖ അവരുടെ ചിന്താധാരയിലും കൊണ്ട് വരേണ്ടതു തന്നെയാണ് എന്നാണ് എന്റെ പക്ഷം. ഒരു പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രമെ തെറ്റ് തിരുത്തല്‍ നിരന്തരം നടക്കുന്നുള്ളൂ. അത് തന്നെയാണ് ആ പാര്‍ട്ടിയുടെ വ്യത്യസ്തയും.

തെറ്റു തിരുത്തി മുന്നേറുമ്പോള്‍ നിരവധി പതിരുകള്‍ പുറത്ത് പോകുന്നത് സ്വാഭാവികം. ഇത്തരത്തില്‍ പെട്ടവരായിരിക്കാം മുന്‍ എം പിമാരായ ഡോ. മനോജും ശിവരാമനും. പക്ഷെ ഇവര്‍ പുറത്തേക്കൊഴുകാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണ്. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തെറ്റുപറ്റാന്‍ ഇടനല്‍കരുത്. ഇവിടെയും ഇപ്പോഴത്തെ നേതൃത്വത്തിന്ന് കാലിടറിയെന്ന് തോന്നുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബലിഷ്ടമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാരിതയാണ്. പാര്‍ട്ടിയുടെ കേരള ഘടകവും ഇതില്‍ അപാകതകളുണ്ടെങ്കില്‍ തെറ്റു തിരുത്തി മുന്നേറുന്നത് കേരളത്തിന്ന് ഗുണം ചെയ്യും.