2010 മാർച്ച് 8, തിങ്കളാഴ്‌ച

ബസ്സിറങ്ങി കിഴക്കോട്ട് പോയാല്‍ ...... (ഒന്നാം ഭാഗം)

എന്റെ നാട്ടില്‍ ഈനാശു എന്ന് പേരായ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ബീഡി തെരുപ്പായിരുന്നു ജോലി. കൂടാതെ ഒരു ചായക്കടയും അയാള്‍ നടത്തിയിരുന്നു. എന്റെ നാട്ടിലെ എല്ലാവരും ആ ചായക്കടയിലേക്കാണ് രാവിലെ ചായ് കുടിക്കുവാന്‍ പോയിരുന്നത്.

രാവിലെ വളരെ നേരത്തെ എന്റെ അച്ഛന്‍ എഴുന്നേല്‍ക്കുമായിരുന്നു. എഴുന്നേറ്റ ഉടനെ അച്ഛന്‍ ഒരു ബീഡി കത്തിച്ച് വലിക്കും. എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ അച്ഛന്‍ പുക വലിക്കുമായിരുന്നു. വലി കഴിഞ്ഞാല്‍ നേരെ കക്കൂസ്സില്‍ പോകും. പല്ലു തേപ്പിന്നു ശേഷം പിന്നെ ഈനാശുവിന്റെ കടയിലേക്കായിരിക്കും പോകുന്നത്. വീട്ടില്‍ ആ നേരത്ത് ആരും എഴുന്നേറ്റിട്ടുണ്ടാകില്ല.

അന്നൊന്നും ഞങ്ങളുടെ നാട്ടില്‍ വേണ്ടത്ര വൈദ്യുതി വെളിച്ചം ഉണ്ടായിരുന്നില്ല. ഒരു റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിലായിരിക്കും ചായക്കടയില്‍ നേരം പുലരുന്നത്. രണ്ട് ബെഞ്ചും രണ്ട് ഡസ്ക്കുമായിരുന്നു അവിടെയുണ്ടായിരുന്നത്. അതില്‍ ആളുകള്‍ നിറഞ്ഞാല്‍ മറ്റുള്ളവര്‍ നിലത്ത് കുത്തിയിരിക്കും. പാടത്തിന്റെ വരമ്പത്തിരിക്കുന്ന കൊറ്റിയെ പോലെ. ചായ കുടിയും ഒപ്പം തന്നെ ലോക കാര്യ്ങ്ങളും അവര്‍ അവിടെയിരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യും. ഈനാശുവിന്റെ ഭാര്യ മറിയം ഉണ്ടാക്കുന്ന പുട്ടും വെള്ളപ്പവും മുറയ്ക്ക് തീര്‍ന്നുക്കൊണ്ടിരിക്കും. കോള്‍പ്പടവിനോട് തൊട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ പാടത്തെ വിശേഷങ്ങളായിരിക്കും അവരുടെ പ്രധാന ചര്‍ച്ചാ വിഷയം.

“ഇത്തവണ കണ്ടത്തിലാകെ കളയാണ്” നാട്ടില്‍ എല്ലാ ഞായറാഴ്ചയും ഇറച്ചി വില്‍ക്കുന്ന കറുത്ത ഹമീദ് ചുടു ചായ മോന്തുന്നതിനിടയില്‍ പറഞ്ഞു.

“എന്തൂട്ടാ ചെയ്യാ, പാടായ പാടം മുഴോനും കവട്ടന്ന്യാണ്” ചായ കൂട്ടുന്നതിനിടയില്‍ ഈനാശു പിന്തിരിഞ്ഞ് പറഞ്ഞു.

“അതിനിപ്പൊ എന്തൂട്ട്നാ പേടിക്കണത്?” ഒന്ന് ചുമച്ച് കാര്‍ക്കിച്ച് തുപ്പിയതിനു ശേഷം ശ്രീനി പറഞ്ഞതിനു ശേഷം അയാള്‍ ഇരിക്കാനായി ഒരു പഴുതു നോക്കി.

“നിനക്കൊന്ന് അങ്ങോട്ട് മാറി തുപ്പിക്കൂടെ?” ബെഞ്ചിലിരുന്ന് ചായ കുടിക്കുന്ന കോരന്റെ പ്രതിഷേധം ശ്രീനി വകവെച്ചില്ല. ശ്രീനി ലോകം കണ്ട ആളാണ്. ഇംഗ്ലീഷ് പേപ്പര്‍ വായിക്കുന്നവന്‍ .....! ലോക വിവരമുള്ളവന്‍ . “കളക്ക് തെളിക്കാനുള്ള ഒരു മരുന്നുണ്ടത്രെ” തന്റെ അറിവ് ചായക്കടയിലെ പാര്‍ലിമെന്റിന്ന് മുന്‍പാകെ അയാള്‍ അവതരിപ്പിച്ചു.

“എന്ന ശരി, അതൊന്ന് ഇമ്മയ്ക്ക് പരീക്ഷീക്കാം” എല്ലാവരും തലയാട്ടി സമ്മതം കൊടുത്തു.

മറിയേടത്തി പുട്ടും വെള്ളപ്പവും ആവി പോകുവാന്‍ ഒരു പരന്ന പാത്രത്തില്‍ പരത്തിയിട്ടു. പുട്ടും മുതിരയുമാണ് അവിടത്തെ പ്രധാന പലഹാരം. ചായ കുടിച്ച് തിരിച്ച് വരുമ്പോള്‍ അച്ഛന്‍ എന്നും എനിക്ക് പുട്ടോ വെള്ളപ്പമോ കൊണ്ടു വരുമായിരുന്നു.

“എഴുന്നേറ്റില്ലെടാ, ഇത് തിന്നോ” വത്സല്യത്തോടെ അച്ഛന്‍ വിളിക്കും. അപ്പോഴും ഞാന്‍ കിടക്കപ്പായയില്‍ തന്നെയായിരിക്കും.

വീട്ടില്‍ ഏറ്റവും ഇളയതായതിനാല്‍ ഏറെ ലാളനയും പരിഗണനയും എനിക്ക് കിട്ടിയിരുന്നു. എന്നാലും ചിലപ്പോള്‍ പുളിവാറിന്റെ ചൂടറിയുന്നതിലും ഒട്ടും കുറവല്ലായിരുന്നു. അച്ഛന്‍ ചായക്കടയില്‍ നിന്ന് വരുമ്പോള്‍ മിക്കവാറും ഞാന്‍ ഉമ്മറത്ത് തന്നെ കിടന്നുറങ്ങുകയായിരിക്കും. അച്ഛനും ഉമ്മറം തന്നെയാണ് ഉറങ്ങുവാന്‍ തെരഞ്ഞെടുത്തത്. ഏഴാം ക്ലാസ്സ് വരെ ഞാന്‍ അമ്മയുടെ മൂടും താങ്ങിയാണ് ഉറങ്ങിയിരുന്നത്. അമ്മ കിടന്നിരുന്നത് വീടിന്റെ വല്യകത്താണ്. കൂട്ടുക്കാരൊത്ത് രാത്രി സെക്കന്റ് ഷോ കാണാന്‍ പോകുന്നതിനും തിരികെ വന്ന് കിടന്നുറങ്ങുന്നതിനും പറ്റിയ സ്ഥലം എന്ന നിലയിലാണ് ഞാന്‍ ഉറങ്ങാനായി ഉമ്മറം തെരഞ്ഞെടുത്തത്. എങ്കിലും രാത്രി ഒറ്റക്ക് കിടക്കുവാന്‍ പേടി തോന്നിയിരുന്നു. ഉടുത്തിരുന്ന മുണ്ടഴിച്ച് മുഖം മൂടി കിടക്കും. രാത്രി മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മുറ്റത്തേയ്ക്ക് നീട്ടി വിടും.

“എന്താ ഇവിടെ മൂത്രത്തിന്റെ ഒരു കുമ്മല്?” അമ്മ പിറ്റേന്ന് മുറ്റമടിക്കുമ്പോള്‍ ചോദിക്കും

ഒന്നുമറിയാത്ത പോലെ തെക്കേപ്പുറത്ത് ചെന്നിരുന്ന് ഞാന്‍ പല്ല് തേയ്ക്കും. അമ്മയ്ക്കറിയാം അത് ഞാനാണ് ഒപ്പിച്ചതെന്ന്. എന്നാലും അമ്മ ഒന്നും പറയാതെ വല്യമ്മായിയുടെ വീട്ടില്‍ നിന്ന് ചാണകം കൊണ്ട് വന്ന് കലക്കി തെളിക്കും.

അടുക്കളയില്‍ വെച്ചിരിക്കുന്ന പുട്ടും മുതിരയും ശര്‍ക്കര ചായയും കുടിച്ച് ഞാന്‍ തൊട്ടടുത്തുള്ള കുന്നിന്മുകളിലോട്ട് പോകും. ഞങ്ങളുടെ നാട്ടില്‍ അന്നൊന്നും മിക്കവാറും വീടുകളില്‍ കക്കൂസുകളില്ല. അവിടെയുള്ളവര്‍ ആ കുന്നിലേക്കാണ് വെളിയിലിരിക്കാന്‍ പോയത്. മുസ്ലീം പള്ളിയോട് അടുത്ത് കിടക്കുന്ന ആ കുന്ന് പള്ളിയുടെ വകയെന്നാണ് ഞങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കിയിരുന്നത്. അവിടെ ധാരാളം കശുമാവുകള്‍ തിങ്ങി നിറഞ്ഞിരുന്നു.

വേനല്‍ക്കാല അവധിയില്‍ ഞങ്ങളവിടെ മരം കേറി കളിക്കാനും അണ്ടി പറക്കാനും പോയി. മുക്കിലെ പീഠികയില്‍ നിന്ന്, അണ്ടി കൊടുത്ത് ഞങ്ങള്‍ വാട്ടക്കൊള്ളി വാങ്ങി കീശയില്‍ നിറച്ചു. വീട്ടില്‍ നിന്ന് ഒരച്ചി ശര്‍ക്കരയും എടുത്ത് തങ്കമ്മായിയുടെ വീടിന് താഴെയുള്ള മുത്തന്‍മാവിന്റെ തണലില്‍ ചെന്നിരുന്ന് വാട്ടക്കൊള്ളി തിന്നു. മരച്ചീനി പുഴുങ്ങി കൊത്തിയരിഞ്ഞ് വെയിലത്തിട്ട് ഉണക്കിയാണ് വാട്ടക്കൊള്ളിയുണ്ടാക്കുന്നത്. ദരിദ്രര്‍ തിന്നുമ്പോള്‍ ബഹുരസം...!

വാട്ടക്കൊള്ളി സുലഭമായി കിട്ടിയിരുന്ന കാലമായിരുന്നു അന്ന്. എന്റെ വീട്ടില്‍ ചിലപ്പോള്‍ വാട്ടക്കൊള്ളിക്കൊണ്ട് പായസം വെച്ച് തരുമായിരുന്നു അമ്മ. ഇടയ്ക്ക് ഗോതമ്പ് കഞ്ഞിയും വെക്കുമായിരുന്നു. കൊയ്ത് കിട്ടിയ നെല്ല് ഒരു വര്‍ഷത്തേക്ക് തികയുകയില്ലായിരുന്നു. ദാരിദ്ര്യം വേണ്ടുവോളം ഉണ്ടായിരുന്ന കാലം. കൊയ്ത്ത്ക്കാലമായാല്‍ ഞങ്ങള്‍ എല്ലാവരും കൊയ്യാനായി പോകും.

മാന്ത്ട്ടി മനക്കിലെ കൊയ്ത്താണ് പ്രധാനം. അച്ഛന്‍ അവിടത്തെ കാര്യ്സ്ഥനായിരുന്നു. അന്ന് കൊയ്ത്ത് ഒരു ഉത്സവമായിരുന്നു. രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് പാടത്തേക്ക് പോകും. ഏഴ് മണിക്ക് മുന്‍പായി കൊയ്ത്തിനിറങ്ങണം. അതാണ് അന്നത്തെ നിയമം. അച്ഛനായിരുന്നു മനക്കിലെ നിയമപാലകന്‍ . തമ്പ്രാന്‍ പത്തു മണിയോടു കൂടിയെ പാടത്ത് എത്തുകയുള്ളൂ. അതു വരെ അച്ഛനായിരിക്കും തമ്പ്രാന്‍ .

“താഴ്ത്തി കൊയ്തോളണം, ഇല്ലെങ്കില്‍ ഇവിടെ ആരും കൊയ്യില്ല” കൊയ്ത്തിനു മുന്‍പായി അച്ഛന്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു.

കൊയ്യുന്നവരുടെ പുറകില്‍ കൂടി അച്ഛന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ആരും നെകത്തി കൊയ്യുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഒരു വാളരി ചെത്താനായി കുനിയും. വീണ്ടും നിവര്‍ന്ന് നിന്ന് സംശയം തീര്‍ക്കും.

“രണ്ട് ചുരുട്ട് അരിയാന്‍ നോക്ക് നിങ്ങള്, അവര്‍ക്കറിയാം കൊയ്യാന്‍” അമ്മ അച്ഛനെ സൌമ്യമായി ചീത്ത പറയും.

തമ്പ്രാന്‍ വരുന്നത് കണ്ടാല്‍ അച്ഛന്‍ കൊയ്ത്ത് നിറുത്തി, താഴ്ത്തി കൊയ്യാന്‍ പറഞ്ഞ് എല്ലാവരെയും വീണ്ടും ശകാരിക്കാന്‍ തുടങ്ങും. ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി ഒരു കുടയും പിടിച്ച് തമ്പ്രാന്‍ കണ്ടത്തിന്റെ വരമ്പത്ത് നിലക്കൊള്ളും. എന്റെ നേര്‍ക്ക് നോക്കുമ്പോഴെക്കെ ‘അദ്ദേഹം എന്നെ നോക്കി ചിരിച്ചുവോ?’ എന്ന് പലപ്പോഴും എനിക്ക് തോന്നി. എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.

കൊയ്ത്ത് അരക്കണ്ടം കഴിഞ്ഞാല്‍ ഞങ്ങള്‍ കറ്റയെടുക്കാന്‍ തുടങ്ങും. ഞാനും സുധാകരനുമായിരിക്കും ആദ്യം കറ്റയെടുക്കുന്നത്. കുന്നത്തുള്ളിയിലുള്ള കൊച്ചേച്ചിയുടെ മകനാണ് സുധാകരന്‍ . രണ്ട് മൂന്ന് നാഴിക അകലെയുള്ള മനയെ ലക്ഷ്യമാക്കി ഞങ്ങള്‍ കറ്റയുമായി ഓടും. വല്യമ്പലത്തിനു മുന്‍പുള്ള ഒരു അത്താണിയില്‍ അല്പ നേരം കറ്റ ഇറക്കി വെച്ച്, തല ചൂടാറ്റി വീണ്ടും ഏറ്റും. ആദ്യം എത്തുന്നയാള്‍ക്ക് കയ്യാലയില്‍ സ്ഥലം പിടിക്കാം. കയ്യാലയില്‍ ഇടം കിട്ടിയാല്‍ ചവിട്ടും മെതിയും തണലത്ത് നിന്നാകാം. ഇല്ലെങ്കില്‍ ചുട്ട് പഴുത്ത് കിടക്കുന്ന ഓട് പാകി കിടക്കുന്ന മുറ്റത്തു നിന്നു വേണം മെതിയും കാറ്റത്തിടലും.

“കയ്യാലയില്‍ എനിക്കും ഒരു ഇടം പിടിച്ചോളൂ ട്ടാ” മക്കളില്ലാത്ത തങ്കക്കുഞ്ഞമ്മ എപ്പോഴും ആവശ്യപ്പെടും. ചായ വാങ്ങി തരാം എന്നു പറഞ്ഞിട്ടാണ് ആവശ്യപ്പെടുക. ഒരിക്കലും കിട്ടാത്ത ചായക്കു വേണ്ടി ഞങ്ങള്‍ എന്നും അവര്‍ക്കും കൂടി ഇടം പിടിക്കും.

കറ്റ കയ്യാലയില്‍ ഒതുക്കി വെച്ച് കഴിഞ്ഞാല്‍ നേരെ തമ്പ്രാന്റെ വീട്ട് പടിക്കല്‍ നില്‍ക്കുന്ന ഗോമാവിന്റെ ചുവട്ടിലേക്കോടും. പഴുത്ത് വീണു കിടക്കുന്ന മാമ്പഴം കിട്ടിയില്ലെങ്കില്‍ താഴത്തെ കൊമ്പില്‍ നിന്ന് നല്ല മൂത്ത മാങ്ങ തല്ലി വീഴ്ത്തും. ആരും ഒന്നും പറയില്ലായിരുന്നു. തലയില്‍ കെട്ടുന്ന തോര്‍ത്തില്‍ മാങ്ങ പൊതിഞ്ഞ് ഒരിടത്ത് വെച്ച് മനയുടെ അടുക്കള ഭാഗത്തേക്ക് ഞാന്‍ പോകും.

"കുടിക്കാന്‍ അല്പം വെള്ളം വേണം” ഞാന്‍ നീട്ടി വിളിച്ചു പറയും

“ഇത് എല്ലാവരും കുടിച്ചോളൂ” അകത്ത് നിന്ന് ഒരു ചെമ്പ് പാത്രത്തില്‍ നിറയെ സംഭാരം കൊണ്ട് വന്ന് തമ്പ്രാട്ടി പറയും.

കുടി കഴിഞ്ഞ് ചിറി തുടച്ച് മാങ്ങയും കടിച്ച് വലിച്ച് ഞങ്ങള്‍ വീണ്ടും പാടത്തേയ്ക്ക് വലിഞ്ഞു നടക്കും. ഏലാമുത പാടത്തേയ്ക്ക്.

ഏലാമുത പാടത്തേയ്ക്ക് ഇറങ്ങുന്നതിന് തൊട്ടു മുന്‍പാണ് കുഞ്ഞിമൊയ്തീനിക്കായുടെ ഓല കൊണ്ട് മേഞ്ഞ ചായക്കട. മുളക്കൊണ്ട് ഉണ്ടാക്കിയ നീളം കൂടിയ ഒരു ബെഞ്ചും ഒരു ഡസ്ക്കും മാത്രമെ അവിടെയുണ്ടായിരുന്നുള്ളൂ. തണലിനു വേണ്ടി ഒരു പന്തലും മുന്നിലെ മുറ്റം ചാണകവും മെഴുകിയിരിക്കും. ഇതാണ് മൊയ്തീനിക്കായുടെ ചായക്കട. കൊയ്ത്ത് കാലത്ത് മാത്രമെ ഈ ചായക്കടയുടെ ആയുസ്സുണ്ടായിരിക്കുകയുള്ളൂ. പാടത്തിന്റെ അങ്ങേ അറ്റത്തുനിന്ന് തലയില്‍ കറ്റ ചുമന്ന് വരുന്നവര്‍ക്ക് ഈ കടയൊരു ആശ്വാസമായിരുന്നു. കറ്റ അവിടെ ഇറക്കി വെച്ച് ചായ കുടിച്ച് തല ചൂടാറ്റിയതിനു ശേഷമെ അവര്‍ പോകുമായിരുന്നുള്ളൂ.

കപ്പ പുഴ്ങ്ങിയതും പത്തിരിയുമാണ് അവിടെ എന്നും കിട്ടിയിരുന്നത്. അച്ഛന്‍ കടയില്‍ ഉണ്ടെങ്കില്‍ എന്നെയും വിളിക്കുമായിരുന്നു.

“അവനൊരു കൊള്ളിസ്റ്റൂം പാലുംവെള്ളവും കൊട്ക്ക്” എപ്പോഴും അടുപ്പില്‍ കുത്തിയിളക്കുന്ന മൊയ്തീനക്കയോടായി അച്ഛന്‍ പറയും.

മൊയ്തീനിക്ക വളരെ സൂത്രശാലിയായിരുന്നത്രെ...! തൊട്ടടുത്തുള്ള കുഞ്ഞാലിക്കായെ വെട്ടിച്ച് ചായക്കട നടത്താനുള്ള അവകാശം കോള്‍പ്പടവ് കമ്മിറ്റിയില്‍ നിന്ന് അയാള്‍ തട്ടിയെടുക്കും. അഞ്ച് പെണ്മക്കളുണ്ടെന്നാണ് അയാള്‍ കട നടത്തുന്നതിനായുള്ള ന്യായമായി പറയാറുള്ളത്. കോള്‍പ്പടവ് കമ്മിറ്റി എല്ലാ തവണയും കട നടത്തുന്നതിനുള്ള അവകാശം ലേലം വിളിയിലൂടെയാണ് നല്‍കി വരാറ്. പെണ്മക്കളെ ചൊല്ലിയുള്ള പരിഗണനയില്‍ ലേലം മൊയ്തീനിക്ക തന്നെ അടിച്ചെടുക്കും.

മൊയ്തീനിക്കായ്ക്ക് ഒരു എതിരാളി കുഞ്ഞാലിക്കയായിരുന്നു എന്നും. കാല് ഒന്ന് അല്പം നീളം കുറഞ്ഞതിനാല്‍ കുഞ്ഞാലിക്കയുടെ നടത്തത്തില്‍ ഇത്തിരി അഭംഗിയുണ്ട്. എന്നാലും രാഷ്ട്രീയ കാലുമാറ്റത്തില്‍ അദ്ദേഹം മഹാ വിരുതനായിരുന്നു എന്നു പറയാതെ വയ്യ.

ഒരിക്കല്‍ അദ്ദേഹം ഒരു കോണ്‍ഗ്രസ്സായിരുന്നു. പിന്നെ ലീഗിലേക്ക് പോയി. വീണ്ടും തിരിച്ച് കോണ്‍ഗ്രസ്സിലേക്കു തന്നെ പോയി. ഇപ്പോള്‍ എവിടെയാണെന്ന് അദ്ദേഹത്തിന്നു പോലും അറിയില്ല.

കുഞ്ഞാലിക്കയെ പോലെയുള്ളവരായിരുന്നു എന്റെ നാട്ടിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. മറുക്കണ്ടം ചാടുന്നവരും തിരിച്ച് വരുന്നവരും. എങ്കിലും എന്റെ പഞ്ചായത്ത് തുടരെ തുടരെ അവര്‍ തന്നെ ഭരിച്ചു. ഞങ്ങള്‍ ദരിദ്ര വിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുമായി അന്തിയുറങ്ങി. ‘കൃഷിഭൂമി കര്‍ഷകന്’ എന്ന കമ്മ്യൂണിസ്റ്റാശയം ഞങ്ങളില്‍ അതിയായ ആവേശം ഉണര്‍ത്തി. ജന്മിത്വം അവസാനിപ്പിക്കുമെന്ന് മുറവിളി കൂട്ടിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്നും എന്റെ അച്ഛന് ഒരു ചോദ്യമായിരുന്നു.

“തമ്പ്രാന്‍ ഉള്ളത് കാരണമാണ് നിങ്ങളൊക്കെ ചോറുണ്ണുന്നത്” എന്നാണ് അച്ഛന്‍ പറയാറുള്ളത്.

“തമ്പ്രാന്‍ സമ്മതിച്ചില്ലെങ്കില്‍ എവിടെ പോയി നയിക്കും?” അമ്മയും അച്ഛനെ പിന്താങ്ങി പറയും.

എങ്കിലും അച്ഛന് ഇയ്യെമെസ്സിനെ ഇഷ്ടമായിരുന്നു. ഒരെറ് പോത്തിനെ വങ്ങി തിരിച്ചു വരുമ്പോള്‍ കുന്നംകുളത്ത് വെച്ച് അദ്ദേഹത്തിന്റെ വിക്കി വിക്കിയുള്ള പ്രസംഗം അച്ഛന്‍ കേട്ടിട്ടുണ്ടത്രെ.

“വിക്കനാണെങ്കിലും അറിവുള്ളവനാണെന്ന്” തത്വശാസ്ത്രങ്ങള്‍ അറിയാത്ത അച്ഛന്‍ തത്വത്തില്‍ അംഗീകരിക്കാറുണ്ട്.

പക്ഷെ പാര്‍ട്ടിയുടെ പേരും പറഞ്ഞ് പണിയെടുക്കാതെ നടക്കുന്നവരോട് അച്ഛന് എന്നും എതിര്‍പ്പായിരുന്നു. ഏട്ടന്‍ മുത്തന്‍ ആണൊരുത്തനായിട്ടും പണിയെടുക്കാതെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുമ്പോള്‍ മുഖത്ത് നോക്കി പറഞ്ഞില്ലെങ്കിലും രാത്രിയായാല്‍ അച്ഛന്‍ അമ്മയുമായിരുന്ന് വെറ്റില മുറുക്കുമ്പോള്‍ പിറുപിറുക്കുമായിരുന്നു. എന്നാലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ശങ്കരേട്ടന്‍ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അച്ഛനും ഷാപ്പില്‍ വെച്ച് ഒരു ഗ്ലാസ്സ് കള്ള് അധികം കുടിച്ച് ആഹ്ലാദിച്ചു.

“പണ്ടൊക്കെ നല്ല കലര്‍പ്പില്ലാത്ത കള്ള് കിട്ടുമായിരുന്നു” അച്ഛന്‍ ഇടയ്ക്ക് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

കണാരേട്ടനാണ് എന്റെ വീട്ടിലെ തെങ്ങ് ചെത്താന്‍ വന്നിരുന്നത്. ബലിഷ്ടമായ കൈകളും വിരിഞ്ഞ മാറിടവും ഉള്ള ഒരാളായിരുന്നു അയാള്‍ .

രാവിലെ ചെത്തിറങ്ങിയ കള്ളുമായി അയാള്‍ പോകുമ്പോള്‍ അച്ഛന്‍ പറയും ‘ഒരു ഗ്ലാസ്സ് കള്ള് അവിടെ വെച്ചോ കണാരേട്ടാ”. ഏട്ടന്റെ മോന് കൊടുക്കാനാണ് അച്ഛന്‍ കള്ള് ആവശ്യപ്പെട്ടിരുന്നത്.

“ചെറുപ്പത്തില്‍ ഓരോ ഗ്ലാസ്സ് കള്ള് കുടിക്കുന്നത് ശരീരത്തിന്ന് നല്ലതാണ്” എന്നാണ് അച്ഛന്റെ വിവക്ഷ.

തപാലാപ്പീസിലേക്ക് പോകുന്ന വഴിക്കുള്ള തിരിവിലാണ് കള്ള് ഷാപ്പ് നിന്നിരുന്നത്. രാവിലെ തുറന്നാല്‍ വൈകീട്ട് അടക്കുന്നതു വരെ എന്റെ നാട്ടിലുള്ള മുതിര്‍ന്നവരെല്ലാം അവിടെ നിന്നാണ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചത്. തപാലാപ്പീസിലേക്ക് വല്ലപ്പോഴുമൊരിക്കല്‍ സ്റ്റാമ്പ് വാങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അവിടെയെത്തിയാല്‍ കള്ളിന്റെ മണം ആവോളം ആസ്വദിച്ചു.

ജലാലിക്കയുടെ ഓട് മേഞ്ഞ കെട്ടിടത്തിലാണ് തപാലാപ്പീസ്സ് നിന്നിരുന്നത്. പുറത്ത് ചുമരില്‍ ഒരു ചുവപ്പന്‍ തപാല്‍പ്പെട്ടിയും തൂക്കിയിരുന്നു. പോസ്റ്റ് മാഷിന്ന് ഇരിക്കാന്‍ ഒരു കസേരയും പിന്നെ ഒരു മേശയും കൂടാതെ മറ്റൊരു ചെറിയ ഡസ്ക്കുമായിരുന്നു അവിടെയുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ . എന്റെ നാട്ടിലെ എല്ലാ ജനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സ്വന്തം പേര്‍ നഷ്ടമായ ഒരു ‘മാഷായി’ അദ്ദേഹം അറിയപ്പെട്ടു. ചില വഴക്കുകളില്‍ അദ്ദേഹം ഒത്തു തീര്‍പ്പുണ്ടാക്കി. നിയമം പഠിക്കാത്ത അദ്ദേഹത്തെ കര്‍ഷകതൊഴിലാളികള്‍ നിയമോപദേശം തേടി സമീപിച്ചു. അങ്ങിനെ മാഷ് ഞങ്ങളുടെ നാട്ടിലെ എല്ലാമെല്ലാമായി. മാഷ് എതിരെ വരുന്നത് കണ്ടാല്‍ എല്ലാവരും റോഡിന്റെ ഓരം ചേര്‍ന്ന് പോയി. വാക്കുകളിലും പ്രവര്‍ത്തികളിലും മാഷിനോട് ഭവ്യത പുലര്‍ത്തി.

കൃത്യനിഷ്ഠതയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്ന മാഷ് പക്ഷെ ശിപായി വേലായുധേട്ടന്റെ കാര്യത്തില്‍ അത്ര കണിശക്കാരനല്ലായിരുന്നു. ഒരു പക്ഷെ വേലായുധേട്ടന്റെ അക്ഷീണപ്രയത്നമായിരിക്കണം കാരണം. ഒരു കാല്‍ക്കുടയുമായി അയാള്‍ നാട്ടിലെല്ലായിടത്തും സന്ദേശവാഹകനായി ഓടി നടന്നു.

“എനിക്ക് കത്തുണ്ടോ?” വേലായുധേട്ടന്‍ വരുന്നതു കാണുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു.

“ഇല്ല, നാളെ വരും” കഷണ്ടിയുടെ തിളക്കത്തെ വെല്ലുന്ന ചിരിയുമായി വേലായുധേട്ടന്‍ മറുപടി തരും.

വേലായുധേട്ടന്റെ വീട് വെങ്കിടങ്ങ് സെന്ററിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു. വെങ്കിടങ്ങിലായിരുന്നു തപാലാപ്പീസിന്റെ പ്രധാന ആസ്ഥാനം. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം വേലായുധേട്ടന്ന് പിന്നെ അങ്ങോട്ടായിരുന്നു സ്ഥാനക്കയറ്റം കിട്ടിയത്. വെങ്കിടങ്ങ് സെന്ററാണ് എന്റെ നാട്ടിലെ വാണിജ്യ കേന്ദ്രം.

അച്ഛനും അമ്മയും വൈകീട്ട് പണി മാറ്റി വന്നാല്‍ ‘വെട്ടോഴിലേക്ക്’ പോയിരുന്നത് ഈ വാണിജ്യ കേന്ദ്രത്തിലേക്കായിരുന്നു. മെളകേരന്റെ പച്ചക്കറി പീടികയും ബാലന്‍ നായരുടെ പല ചരക്ക് കടയും ഉണ്ടയുടെ കടയും വര്‍ക്കിയേട്ടന്റെ തുണിക്കടയുമൊക്കെ ഇവിടെയായിരുന്നു. വര്‍ക്കിയേട്ടന്റെ തുണിക്കടയില്‍ നിന്നാണ് അമ്മ എനിക്ക് ട്രൌസ്സറും കുപ്പായവും എടുത്തു തന്നിരുന്നത്. അമ്മയ്ക്ക് അവിടെ ഒരു നറുക്ക് കുറിയുണ്ടായിരുന്നു. ഉത്സവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ എടുക്കാന്‍ വേണ്ടിയുള്ള കുറിയായിരുന്നു അത്. ചിലപ്പോഴൊക്കെ അമ്മ അതില്‍ നിന്ന് പൈസയും വായ്പ വാങ്ങിയിരുന്നു.

ഇങ്ങനെ വായ്പ എടുത്തിട്ടാണ് അമ്മ എനിക്ക് നോട്ട് പുസ്തകം വാങ്ങി തന്നിരുന്നത്. രണ്ട് വര കോപ്പി പുസ്തകം ബാലന്‍ നായരുടെ പീടികയില്‍ നിന്നാണ് വാങ്ങിക്കുക. വീടിന് സമീപം ‘ആമന്ത്രു കോളേജ്’ എന്നു വിളിക്കുന്ന ഒരു സ്കൂളുണ്ടെങ്കിലും ഞാന്‍ പഠിച്ചത് ‘പാറ സ്കൂള്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന മുല്ലശ്ശേരി ഹിന്ദു യു പി സ്കൂളിലാണ്. അന്ന് അവിടത്തെ സര്‍വ്വാധിപതി മണി മാഷായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ഒരിക്കലും സ്കൂളിന്റെ നേരിട്ടുള്ള പടി കയറി പോയിരുന്നില്ല. നേരിട്ട് കയറി ചെല്ലുമ്പോള്‍ കാണുന്ന സര്‍വ്വാധിപതിയുടെ രൂപം ഞങ്ങള്‍ കുട്ടികളെ ഭയചകിതരാക്കി.

രാവിലെ നേരത്തെ സ്കൂളിലെത്തിയ ഞങ്ങള്‍ പൊറിഞ്ചുവിന്റെ കടയില്‍ നിന്ന് പെന്‍സില്‍ വാങ്ങിക്കാനായി പോകും. തിരക്കിന്നിടയില്‍ ചിലര്‍ ആരും കാണാതെ സ്ലേറ്റ് പെന്‍സിലുകള്‍ കടയില്‍ നിന്ന് മോഷ്ടിച്ചു. ക്ലാസ്സില്‍ കേട്ടെഴുത്തില്‍ കട്ടെഴുതാന്‍ അവസരം ഒരുക്കിയാല്‍ , കൂട്ടുക്കാര്‍ക്ക് ഞങ്ങള്‍ പെന്‍സിലുകള്‍ വീതം വെച്ചു കൊടുത്തു. ക്ലാസ്സ് ടീച്ചറും ഇംഗ്ലീഷ് അധ്യാപികയുമായ കല്യാണി ടീച്ചര്‍ , കേട്ടെഴുത്ത് തെറ്റിച്ചാല്‍ ഞങ്ങളുടെ കൈയില്‍ ചൂടുള്ളത് രണ്ട് മൂന്നെണ്ണം വെച്ചു തരും. ട്രൌസ്സറിന്റെ കീശയില്‍ കൈ തിരുകിയാണ് ഞങ്ങള്‍ ചൂടകറ്റിയത്.

ഇടവേളകളില്‍ ഞങ്ങള്‍ സ്കൂളിന് പുറകുവശത്തുള്ള കൊപ്രാക്കാരന്‍ ജോസപ്പേട്ടന്റെ വീട്ടില്‍ പോയി തേങ്ങാവെള്ളം കുടിച്ചു. തേങ്ങാവെള്ളത്തിനു വേണ്ടി ഞങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വന്നു. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ , ഒരു തുണ്ട് തേങ്ങാ കഷ്ണം ഞാന്‍ അകത്താക്കി. ജോസപ്പേട്ടന്റെ അപ്പന്‍ വര്‍ഗ്ഗീസപ്പൂപ്പന്‍ ഇതു കണ്ടു പിടിച്ചു. എന്നെ കയ്യോടെ പിടി കൂടി.

“എടാ, നീയെന്താ ചെയ്തത് ? നിന്നെയിപ്പൊ കാണിച്ചു തരാം” അപ്പൂപ്പന്‍ എന്നെ കയ്യില്‍ കയറി പിടിച്ചു.

അപ്പൂപ്പന്‍ എന്നോട് തേങ്ങായുടെ പൈസ കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. കുടിച്ച വെള്ളം മുഴുവനും തുടയില്‍ കൂടി താഴോട്ടു ഒലിച്ചിറങ്ങി. ഇതു കണ്ടപ്പോള്‍ അപ്പൂപ്പന്‍ എന്നെ വെറുതെ വിട്ടു. അതിനു ശേഷം ഒരിക്കലും ഞാന്‍ അവിടെ പോയിട്ടില്ല.

തേങ്ങാ കച്ചവടമില്ലാത്ത ജോസപ്പേട്ടന്റെ വീട് ഇപ്പോഴും സ്കൂളിനു പുറകു വശം പകച്ചു നില്‍ക്കുന്നു. തന്റെയരികത്തേയ്ക്ക് തേങ്ങാവെള്ളം കുടിക്കാന്‍ വരാത്ത കുട്ടികളെ ഓര്‍ത്തു കൊണ്ടായിരിക്കുമോ അത്? കൊപ്രകളെക്കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന മുറ്റം ഇപ്പോള്‍ കോഴികളുടെയും പട്ടികളുടെയും ചവിട്ടേറ്റ് കിടക്കുന്നു......വീണ്ടും കുട്ടികളുടെ പാദസ്പര്‍ശമേല്‍ക്കാന്‍ കൊതിക്കുന്നുണ്ടായിരിക്കുമോ......?????