2009 ജനുവരി 26, തിങ്കളാഴ്‌ച

ഒന്‍പതാമനില്‍ നിന്ന് ഒന്നാമനിലേക്ക്

CBI ആംഗലേയ ഭാഷയില്‍. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ കേന്ദ്ര കുറ്റന്വേഷണ ഏജന്‍സി അഥവ കാര്യാലയം എന്ന് വേണമെങ്കില്‍ പറയാം. രാജ്യത്തെ പരമോന്നത കുറ്റന്വേഷണ വിഭാഗം. ഒരുപാട് കേസുകളില്‍ തീര്‍പ്പ് കല്പിക്കാന്‍ മാത്രം കഴിവുള്ള അന്വേഷണ വിഭാഗം. പക്ഷെ ഈയിടെ അതിന്റെ പേരില്‍ അല്പം വൃത്തിക്കേട് പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് പത്ര വാര്‍ത്തകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. പത്രങ്ങളില്‍ കൂടി നമ്മള്‍ എല്ലാം മനസ്സിലാക്കി അറിവുള്ളവരായി തീരുന്നു. ചിലപ്പോളത് ഉള്ള അറിവിനെ ആശയ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു എന്നുള്ളത് ആരും പറയുന്നില്ല എന്നു മാത്രം. മാധ്യമങ്ങള്‍ ചിലപ്പോള്‍ മനുഷ്യനെ മേത്തരവും കീഴ്ത്തരവുമാക്കുന്നു. ചിലരതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. ‘ഹമ്പട കേമ നീയാര് ഞങ്ങളെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കാന്‍?’ മാധ്യമങ്ങള്‍ അവരെ നികൃഷ്ട ജീവിയായി കാണുന്നു. വെറുക്കപ്പെട്ടവനെന്ന് വിളിക്കുന്നു. വെറുക്കപ്പെട്ടവനെന്ന് വിളിക്കുന്നവരെ അവര്‍ പൂവിട്ട് പൂജിക്കുന്നു. മാധ്യമങ്ങളാണ് ശരി, അവര്‍ മാത്രമാണ് ശരി എന്ന് സമൂഹത്തിന്റെ മേല്‍ അടിച്ചേല്പിക്കുന്നു. വസ്തുതകള്‍ അവര്‍ക്ക് പ്രാധാന്യമല്ല. വാര്‍ത്തകളാണ് അവര്‍ക്ക് പ്രധാനം. വസ്തുതകളില്ലാത്ത വാര്‍ത്തകളില്‍ അവര്‍ കാല്‍ തട്ടി വീഴുന്നു. വീണേടം വിഷ്ണുലോകം.

ദാ വരുന്നു എസ് എന്‍ സി ലാവ്ലിന്‍ ചാകര. കൊള്ളാം. ഒരു മാസത്തിന്നുള്ള വകയുണ്ട്. വലയില്‍ കുടുങ്ങിയതോ കൊമ്പന്‍ സ്രാവ്. പറയണോ പൂരം? പിന്നീടങ്ങോട്ട് വില്പന തന്നെ. ഐസിലിട്ടതും ഉപ്പിലിട്ടതും. ചീഞ്ഞതാണോ നാറുന്നതാണോ എന്നൊന്നും നോക്കുന്നില്ല. ജനങ്ങള്‍ വാങ്ങുന്നെങ്കില്‍ വാങ്ങട്ടെ. നോക്കണെ നമ്മുടെ മാധ്യമങ്ങളുടെ നിഷ്പക്ഷ നിലപാട്...! അവരങ്ങോട്ട് കുറ്റവാളിയെ നിശ്ചയിക്കും. പിന്നെന്തിനാണ് സിബിഐ? കോടതി? ന്യായമായും ജനത്തിന് തോന്നവുന്ന ചോദ്യം. അല്ലെങ്കില്‍ തന്നെ ഈ സിബിഐ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന എല്ലാവരെയും കോടതി ശിക്ഷിക്കുന്നുണ്ടോ? അഭയ കേസില്‍ ജനത്തിന്നുയര്‍ന്ന ആശങ്കയാണിത്. കഷ്ടപ്പെട്ട് പല വിധ അനാലൈസിസുകള്‍ നടത്തി ഒരു വിതത്തില്‍ സത്യത്തിന്റെ ഇല വിരിഞ്ഞപ്പോള്‍ വസന്തവും ഹേമന്തവും തൊട്ടുപിന്നാലെ ശിശിരവും വന്ന് അതിന്റെ ഇലയെല്ലാം അടര്‍ത്തിക്കളഞ്ഞു. ജനാധിപത്യത്തിന്റെ മുറ്റത്ത് ഇല കൊഴിഞ്ഞ ഒരു വൃക്ഷമായി അഭയ കേസ് ഇപ്പോഴും നില കൊള്ളുന്നു. മുറിച്ചുമാറ്റണോ? അതോ വെള്ളമൊഴിച്ച് വീണ്ടും തളിര്‍ക്കുമോ എന്ന് നോക്കണോ? നമ്മുടെ ജനാധിപത്യം നിശ്ചയിക്കട്ടെ.

കേരളത്തിലെ കഴിഞ്ഞ മന്ത്രിസഭ ലാവ്ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത് മുതല്‍ക്കാണ് ചാകരയുടെ തുടക്കം. തുടക്കത്തില്‍ സിബിഐയ്ക്ക് ഈ കേസില്‍ താല്പര്യമില്ലായിരുന്നുവെന്ന് പത്രങ്ങള്‍ വായിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഒരു സംസാരമുണ്ട്. പക്ഷെ പൊതുജനതാല്പര്യത്തിന്റെ പേരില്‍ ആരോ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് സിബിഐയെക്കൊണ്ട് ഈ കേസ് ഏറ്റെടുപ്പിച്ചത്. നല്ലത്. പക്ഷെ ഈ പൊതുതാല്പര്യം സമൂഹത്തിന്റെ ദോഷമായി തീരരുത്. ആ‍ര്‍ക്കു വേണമെങ്കിലും പൊതുതാല്പര്യ ഹരജി നമ്മുടെ കോടതിയില്‍ നല്‍കാം. ഈ കേസുകളില്‍ പിന്നീട് തീര്‍പ്പ് കല്പിക്കുന്നതു വരെയുള്ള ചെലവും കോടതിയുടെ വിലപ്പെട്ട സമയത്തെയും കുറിച്ച് ആരും വ്യാകുലപ്പെടാറില്ല. ഈ കേസിന്ന് പ്രാധാന്യമില്ല എന്നല്ല പറഞ്ഞതിന്നര്‍ത്ഥം. കേസില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ മാധ്യമങ്ങള്‍ക്കെന്ന പോലെ ജനങ്ങള്‍ക്കും ഉണ്ടാകും ഒരു ഉത്കണ്ഠ. സിബിഐയുടെ കുറ്റപത്രത്തില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന പ്രതി പിണറായി മാധ്യമത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു...! മാധ്യമങ്ങളുടെ സത്യസസ്ഡത.

ആരാണ് കേസില്‍ ഒന്നാം പ്രതി എന്ന് ജനത്തോട് ചോദിക്കരുത്. അവര്‍ക്കറിയില്ല. രണ്ടാം പ്രതിയാരാണെന്ന് ചോദിക്കരുത്. അവര്‍ക്കറിയില്ല. പക്ഷെ പിണറായി ആരാണെന്ന് അവരോട് ചോദിക്ക്, അവര്‍ പറയും ലാവ്ലിന്‍ പ്രതിയെന്ന്. ഇവിടെയാണ് നമ്മള്‍ കലഹിക്കേണ്ടത്. ലേബില്‍ നോക്കി എന്തിന്ന് നമ്മുടെ മാധ്യമങ്ങള്‍ പ്രതിയെ നിശ്ചയിക്കുന്നു? എന്ത് മാധ്യമ ധര്‍മമാണ് ഇവിടെ നിറവേറ്റുന്നത്? നീതിക്ക് വേണ്ടിയാണോ അവര്‍ അലമുറയിടുന്നത്? ഒരു വ്യക്തിയാണോ ഇവിടെ പ്രശ്നം? പിണറായി എന്ന് പറയുന്ന വ്യക്തിയില്‍ മാത്രം എന്തിനാണ് നമ്മളുടെ ചര്‍ച്ച ഒതുക്കി തീര്‍ക്കുന്നത്? മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 86 കോടി രൂപ കേരളത്തിന്ന് ഈ ഇടപാടില്‍ നഷ്ടപ്പെട്ടു എന്ന് കേള്‍ക്കുന്നു. ഇതെങ്ങിനെ സംഭവിച്ചു? കരാര്‍ പ്രകാരം ലാവ്ലിന്‍ നമുക്ക് നല്‍കേണ്ട, മലബാര്‍ കാന്‍സര്‍ സെന്റെറിന്ന്, സഹായം തന്നുവോ? തുടര്‍ന്നുള്ള സര്‍ക്കാര്‍ ഇതിന് എന്തെങ്കിലും നടപടി എടുത്തുവോ? ഇതൊക്കെയായിരിക്കണ്ടെ നമ്മുടെ ചര്‍ച്ചകള്‍? പക്ഷെ മാധ്യമങ്ങള്‍ ചര്‍ച്ചയെ വഴി തിരിച്ച് വിടുന്നു. എന്തിന്ന്, ആര്‍ക്കു വേണ്ടി?

പിണറായിയല്ല നമ്മുടെ വിഷയം. സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്ന കേരളത്തിന്റെ നഷ്ടമാണ് നമുക്ക് വലുത്. പിണറായിയെ ചുറ്റിപ്പറ്റി ചര്‍ച്ച പോകുമ്പോള്‍ ജനങ്ങള്‍ സംശയിക്കുന്നു, വ്യക്തിഹത്യയാണോ ഇതിന്റെ പിന്നില്‍? കുറ്റപത്രത്തില്‍ ഒന്‍പതാം സ്ഥാനത്തുള്ള പിണറായി വിജയന്‍ എങ്ങിനെ മുഖ്യ കഥാപാത്രമായി പത്രത്താളില്‍ ഇടം പിടിക്കുന്നു? ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞതു പോലെ സി ബി ഐ യുടെ വിശുദ്ധിയില്‍ ജനങ്ങള്‍ക്കും സംശയം തോന്നി തുടങ്ങിയിരിക്കുന്നു. മായവതിയുടെയും മുലായം സിംങ് യാദവിന്റെയും കഥ അവര്‍ ചൂണ്ടി കാണിക്കുന്നു.

ഒന്‍പതാമനെ ഒന്നാമനായി ചിത്രീകരിക്കുന്ന പത്രധര്‍മം ജനത്തിനെ നോക്കി പല്ലിളിക്കുന്നു. ഈ പല്ല് നമ്മള്‍ അടിച്ച് വീഴ്ത്തണം.

2009 ജനുവരി 20, ചൊവ്വാഴ്ച

മാറണം നമ്മള്‍ ഒരുപാട്

ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ദുബായിലേക്ക് വിമാനം കയറിയത്. കൃത്യമായി പറഞ്ഞാല്‍ 1994 ജൂണ്‍ മാസത്തിലെ ഒരു ദിനം. എന്റെ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം, യഥാര്‍ത്ഥത്തില്‍ എനിക്ക് അപ്പോള്‍ അവിടം വിട്ട് ദുബായിലേക്ക് വരുവാന്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ജോലി തേടി വന്ന എനിക്ക് അപ്പോള്‍ തന്നെ തിരിച്ച് അങ്ങോട്ട് പോകുവാനാണ് തോന്നിയത്. ജീവിതത്തില്‍ ആദ്യമായി നാടു വിടുന്ന ഞാന്‍, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി പുറത്തേക്ക് വന്നപ്പോള്‍ എന്റെ അളിയന്‍ (ചേച്ചിയുടെ ഭര്‍ത്താവ് ) എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അളിയന്റെ സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിയിലേക്കാണ് ചെന്നു കയറിയത്.

എന്റെ കൈയില്‍ ഒരു ബ്രീഫ് കെയ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ചെന്നപ്പാടെ അളിയന്‍ അടുക്കളയിലേക്ക് പോയി. മുറിയിലുള്ളവര്‍ അടുക്കളയില്‍ ആഹാരം പാകം ചെയ്യുകയായിരുന്നു. ഞാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ അളിയന്‍ വന്ന് “ആ മുറിയിലോട്ട് കയറിക്കോളൂ” എന്നു പറഞ്ഞു. ആ മുറിയില്‍ രണ്ട് പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടി ഒരു മൂലയില്‍ വെച്ച് ഞാന്‍ പെട്ടെന്ന് നിവര്‍ന്നപ്പോള്‍ അവര്‍ പരസ്പരം മുഖത്ത് നോക്കി എന്തോ ഘോഷ്ടി കാണിക്കുന്നതാണ് ഞാന്‍ കണ്ടത്. ഗള്‍ഫ് ജീവിതത്തില്‍ ആദ്യത്തെ കല്ലുകടിയായിരുന്നു അത്. സാമാന്യം ഇരുണ്ട നിറത്തിലുള്ള എന്നെ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിന്നുള്ള നമ്മള്‍ എത്രമാത്രം തൊലി നിറത്തിന്ന് പ്രാധാന്യം കൊടുക്കുന്നുവെന്ന് അതെന്നെ പഠിപ്പിച്ചു. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ നിന്നും ഈ വിവേചനത്തിന് ഞാന്‍ പാത്രീഭവിച്ചിട്ടുണ്ട്.

വര്‍ണ്ണത്തിലെന്ന പോലെ മതത്തിന്റെ കാര്യത്തിലും ഈ അകറ്റി നിര്‍ത്തല്‍ നമുക്ക് കാണാം. ഞാന്‍ വരുമ്പോള്‍ എന്റെ മുറിയില്‍ എല്ലാവരും ഹിന്ദുക്കള്‍ മാത്രമായിരുന്നു. മറ്റു മുറികളിലും ഇതുപോലെ എല്ലാവരും ഒരേ മതക്കാര്‍ തന്നെയായിരുന്നു. ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ മതക്കാര്‍ ഒരുമിച്ച് താമസിച്ച് വളര്‍ന്ന നമ്മള്‍, മറ്റൊരു നാട്ടില്‍ വന്നപ്പോള്‍ എന്തുക്കൊണ്ട് ഇത് സംഭവിക്കുന്നു? എന്തുക്കൊണ്ട് നമുക്ക് എല്ലാ മതസ്ഥരുമായി ഒരുമിച്ച് താമസിക്കാന്‍ കഴുയുന്നില്ല?

വര്‍ഷങ്ങള്‍ക്കു ശേഷം പീന്നീട് ഞങ്ങളുടെ മുറിയില്‍ സമദ് എന്ന് പേരായ തിരുവനന്തപുരത്തുള്ള ഒരു മുസ്ലീം സഹോദരന്‍ താമസിച്ചിരുന്നു. പത്തനംതിട്ടയിലുള്ള ഷാജി എന്നു പേരായ ഒരു ക്രിസ്ത്യന്‍ യുവാവും താമസിച്ചിരുന്നു. ഇങ്ങനെ നമ്മള്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ നമുക്കുള്ളില്‍ ഒരു മാനസീക ഐക്യം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. നമ്മള്‍ മറ്റുള്ളവരെ മനസ്സിലാക്കുമ്പോള്‍ മാത്രമെ നമുക്ക് നമ്മളാരെന്ന് അറിയുകയുള്ളൂ. നമ്മളെ അറിയണമെങ്കില്‍ നമ്മള്‍ മറ്റുള്ളവരുമായി സംസര്‍ഗ്ഗം വേണമെന്നര്‍ത്ഥം. പക്ഷെ അന്യനാട്ടില്‍ ചെന്നാല്‍ നമ്മള്‍ ഇത് മറന്നു പോകുന്നു.

ഈയിടെ ഞാന്‍, എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുക്കാരന്റെ മുറിയില്‍ പോയി. ക്രിസ്ത്യന്‍ മതത്തിലുള്ള
അദ്ദേഹത്തിന്റെ കൂടെ താമസിക്കുന്നവരെല്ലാം ക്രിസ്ത്യാനികള്‍ തന്നെ. എന്തിനു നമ്മള്‍ ഇങ്ങിനെ സ്വാര്‍ത്ഥ മതവിശ്വാസികളാകുന്നു? മത വിശ്വാസം നമ്മളെ അന്യ മതത്തില്‍ നിന്ന് ആട്ടിയോടിക്കുകയാണോ? നമ്മള്‍ ഒരു മതത്തെ പോലെ തന്നെ ചുരുങ്ങുന്നു. മറ്റു മതത്തിലുള്ളവരോട് വിശ്വാസമില്ലാത്തവരെ പോലെ പെരുമാറുന്നു. ഒരുമിച്ച് ഇടക്കലര്‍ന്ന് ജീവിക്കുമ്പോള്‍ നമുക്ക് എന്തു രീതിയിലുള്ള സ്വാതന്ത്ര്യമില്ലായ്മയാണ് ഉണ്ടാകുന്നത്?

ഇവിടെ ഇങ്ങിനെ ജീവിച്ച് നമ്മള്‍ തിരിച്ച് നാട്ടില്‍ ചെന്നാലും നമ്മളില്‍ ഈ തൊട്ടുകൂടായ്ക ഉണ്ടാകും. നമ്മുടെ സമൂഹത്തില്‍ അത് ഒരു വിള്ളല്‍ സൃഷ്ടിക്കും. ചേരി തിരിവ് ഉണ്ടാകും. സ്പര്‍ദ്ധ വളരും. ഒരു ജനതയില്‍ വിശ്വാസമില്ലായ്മ ഉണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരു രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ അപകടത്തിലാകും. നമ്മളോരോരുത്തരും ചിന്തിക്കണം, എന്തിനിങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്നു? നമ്മളറിയാതെ നമ്മളെയറിയാതെ?