ഈയിടെയായി പത്രത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് പ്രസിദ്ധ എഴുത്തുക്കാരന്‍ സക്കറിയയെ കയ്യേറ്റം ചെയ്ത സംഭവം. വിഷയം കേരളത്തിലെ സാംസ്കാരിക മണ്ഡലത്തെ ഏറെ ബാധിച്ചില്ലെങ്കിലും രാഷ്ട്രീയ മേഖലയില്‍ അല്പം ഇളക്കം ഉണ്ടാക്കി. തീര്‍ച്ചയായും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും തെറ്റു ചെയ്തവരെ ശിക്ഷിക്കേണ്ടതുമാണ്. അദ്ദേഹത്തെ ശാരീരികമായി ഭേദ്യം ചെയ്തവരെ ശിക്ഷിച്ചിതു കൊണ്ട് മാത്രം തീരുന്നതാണോ ഇത്തരം പ്രശ്നങ്ങള്‍ ? ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണ്ടേ? തീര്‍ച്ചയായും വേണം. ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായാലെ ശരിയാംവണ്ണം മുന്‍പോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ. ആശയങ്ങള്‍ കൊണ്ടായിരിക്കണം വിമര്‍ശനത്തെ നേരിടേണ്ടത്. കായികബലം കൊണ്ടല്ല. പ്രത്യേകിച്ച് സക്കറിയയെ പോലുള്ള ഒരെഴുത്ത്ക്കാരനാകുമ്പോള്‍ . കമ്മ്യൂണിസ്റ്റുക്കാരുടെ ജീവിതശൈലി എല്ലാ കാലത്തും വിമര്‍ശന വിധേയമായിട്ടുള്ളതാണ്. വിമര്‍ശിക്കേണ്ടതുമാണ്. എങ്കിലെ അവര്‍ മറ്റുള്ളവരില്‍ നിന്നും വിത്യസ്തതയുള്ളവരായിരിക്കുകയുള്ളൂ. അവര്‍ പുരോഗമനവാദികളായിരിക്കണം. സമൂഹത്തിന്റെ ഉന്നമനമായിരിക്കണം അവരുടെ ലക്ഷ്യം. അവരെ ആക്രമിക്കാന്‍ പ്രതിലോമശക്തികള്‍ എപ്പോഴും തക്കം പാര്‍ത്തിരിക്കുന്നുണ്ടായിരിക്കാം. സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീനം കൊണ്ടായിരിക്കണം അവര്‍ ഇത്തരം ശക്തികളെ നേരിടേണ്ടത്. അല്ലാതെ കായിക ബലം തെരഞ്ഞെടുക്കകയല്ല ചെയ്യേണ്ടത്.
ആരെങ്കിലും ആ മാര്‍ഗ്ഗത്തിലേക്ക് തിരിയുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വമാണ്. ഇവിടെ സി പി ഐ എമ്മിന്റെ നേതൃത്വത്തിന്ന് അതില്‍ അതീവ ഗുരുതരമായ വീഴ്ച പറ്റി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അത്തരമൊരു നടപടിയുണ്ടായാല്‍ ശക്തമായ ഇടപെടലുണ്ടാവേണ്ടതായിരുന്നു. ഇവിടെ നാമെല്ലാം കണ്ടത്, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതിനെ അനുകൂലിച്ച് സംസാരിച്ചതാണ്. ‘വേദിയറിഞ്ഞ് പ്രസംഗിക്കണം, ക്രിസ്തുവിന്റെ നാട്ടില്‍ ചെന്ന് ക്രിസ്തുവിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം’ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ . ഒരു കമ്മ്യൂണിസ്റ്റുക്കാരന്റെ സാമാന്യ ചിന്താഗതിയില്‍ നിന്ന് തികച്ചും വിത്യസ്തമായ ഒരു അഭിപ്രായം...! സ്വന്തം കണ്ണിനെ വിശ്വസിച്ച് സത്യം വിളിച്ചോതാന്‍ കെല്പുള്ളവനായിരിക്കണം കമ്മ്യൂണിസ്റ്റുക്കാരന്‍ . സമൂഹത്തിന്റെ അല്ലെങ്കില്‍ വേദിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവന്‍ പരിഗണിക്കേണ്ടതില്ല. രാജാവ് നഗ്നനാണ് എന്ന് വിളിച്ചോതുന്ന കുട്ടിയെ പോലെ കളങ്കമറ്റതായിരിക്കണം അവന്‍ .
അല്ലാതെ വരുമ്പോള്‍ അവിടെ ഫാഷിഷത്തിന്റെ വിഷലിപ്തമായ വിത്തുകള്‍ വിതക്കപ്പെടുന്നു. സമൂഹത്തിന്ന് ഇഷ്ടമുള്ളതെ ചെയ്യാവൂ, ഭരണാധികാരികള്‍ക്ക് അനുകൂലമായെ പറയാവൂ എന്നൊക്കെ വരുമ്പോള്‍ അവിടെ പുരോഗമനം കശാപ്പ് ചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റാചാര്യന്മാരായ മാര്‍ക്സും എംഗത്സും ഇതിനെതിരെ പടനയിച്ചിട്ടുള്ളത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മതാധിഷ്ഠിതമായ സമൂഹത്തിനോട് വെല്ലു വിളിച്ചുക്കൊണ്ട് തന്നെയാണ് ശാസ്ത്രവും വളര്‍ന്നിട്ടുള്ളത്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രയോക്താക്കളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇതില്‍ നിന്ന് വ്യത്യസ്തരല്ല.
സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായപ്രകടനം ചരിത്രമറിയാതെയായിരിക്കില്ല എന്ന് വിചാരിക്കട്ടെ. കമ്മ്യൂണിസ്റ്റുക്കാരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങള്‍ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. വേണ്ടി വന്നാല്‍ ഒരു തെറ്റുതിരുത്തല്‍ രേഖ അവരുടെ ചിന്താധാരയിലും കൊണ്ട് വരേണ്ടതു തന്നെയാണ് എന്നാണ് എന്റെ പക്ഷം. ഒരു പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രമെ തെറ്റ് തിരുത്തല്‍ നിരന്തരം നടക്കുന്നുള്ളൂ. അത് തന്നെയാണ് ആ പാര്‍ട്ടിയുടെ വ്യത്യസ്തയും.
തെറ്റു തിരുത്തി മുന്നേറുമ്പോള്‍ നിരവധി പതിരുകള്‍ പുറത്ത് പോകുന്നത് സ്വാഭാവികം. ഇത്തരത്തില്‍ പെട്ടവരായിരിക്കാം മുന്‍ എം പിമാരായ ഡോ. മനോജും ശിവരാമനും. പക്ഷെ ഇവര്‍ പുറത്തേക്കൊഴുകാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണ്. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തെറ്റുപറ്റാന്‍ ഇടനല്‍കരുത്. ഇവിടെയും ഇപ്പോഴത്തെ നേതൃത്വത്തിന്ന് കാലിടറിയെന്ന് തോന്നുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബലിഷ്ടമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാരിതയാണ്. പാര്‍ട്ടിയുടെ കേരള ഘടകവും ഇതില്‍ അപാകതകളുണ്ടെങ്കില്‍ തെറ്റു തിരുത്തി മുന്നേറുന്നത് കേരളത്തിന്ന് ഗുണം ചെയ്യും.