2009 ജൂൺ 12, വെള്ളിയാഴ്‌ച

ഗവര്‍ണ്ണര്‍ തെരുവില്‍ കോലങ്ങളായി കത്തിയമരുമ്പോള്‍

ഓരോ കേരളീയന്റെയും മനസ്സില്‍ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ് ‘എന്തുക്കൊണ്ട് നമ്മുടെ ഗവര്‍ണ്ണര്‍ (മാര്‍) തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു?’ അവരുടെ കോലങ്ങള്‍ കത്തിച്ചുക്കൊണ്ട് അഗ്നിശുദ്ധി വരുത്തുന്നു? വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഗവര്‍ണ്ണര്‍മാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചു വിട്ട അന്നു മുതല്‍ക്ക് ഗവര്‍ണ്ണര്‍ പദവി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അന്നു മുതല്‍ക്കാണ് ആ പദവി ദുരുപയോഗം ചെയ്യപ്പെട്ടു തുടങ്ങിയത്. ഒരു സംസ്ഥാനത്തിന്റെ തലവനായി അവരോധിക്കപ്പെട്ട വ്യക്തി എന്ത് കൊണ്ട് ഇങ്ങിനെ ദുരുപയോഗം ചെയ്യപ്പെടുന്നു? ആരാണ് യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍ ? ഇപ്പോള്‍ വീണ്ടും ഈ പ്രശ്നം ഉയര്‍ന്നു വരുവാന്‍ കാരണം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ മറി കടന്നുക്കൊണ്ട് പിണറായിക്കെതിരെ പ്രോസിക്യൂഷന് അനുമതി കൊടുത്തപ്പോഴാണ്.

ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതിക്കായാലും ഗവര്‍ണ്ണര്‍ക്കായാലും പരിമിതമായ അവകാശങ്ങളെ നല്‍കിയിട്ടുള്ളുവെന്ന് അഡ്വ. ദാമോദരനെ പോലുള്ളവര്‍ സമര്‍ത്ഥിക്കുന്നു. മാത്രമല്ല അവര്‍ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുകളോട് വിധേയപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് ബഹു. സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ തലവനാണ് ഗവര്‍ണ്ണര്‍മാര്‍ . അവര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഭരണഘടാന ലംഘനം ഉടലെടുക്കുന്നു. ചട്ടങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അവിടെ പ്രതിഷേധത്തിന്റെ കാറ്റ് വീശുന്നത് സ്വാഭാവികം. വിവിധ തലങ്ങളില്‍ നിന്ന് വ്യത്യസ്ത രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരും. അതിലൊന്നു മാത്രമായി മാത്രമെ കോലം കത്തിക്കലിനെ നമുക്ക് കാണാന്‍ കഴിയൂ.

യഥാര്‍ത്ഥത്തില്‍ എന്തിനാണ് നമുക്കൊരു ഗവര്‍ണ്ണര്‍ ? ഏതു രീതിയിലാണ് ഗവര്‍ണ്ണര്‍മാര്‍ ദൈനംദിന ഭരണത്തില്‍ പങ്കുവഹിക്കുന്നത്? ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പിന്നെന്തിന്ന് ഒരു നോമിനിയായുള്ള ഗവര്‍ണ്ണര്‍ ? ജനങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിത് എന്ന് എനിക്ക് തോന്നുന്നു. ഇനി നിര്‍ബന്ധമായും വേണമെങ്കില്‍ എന്തു കൊണ്ട് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതു പോലെ ഗവര്‍ണ്ണര്‍മാരെ തെരഞ്ഞെടുത്തു കൂടാ? അങ്ങിനെ വന്നാല്‍ അതാത് സംസ്ഥാനങ്ങളിലെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായിരിക്കും അവര്‍ . ജനമനസ്സില്‍ അവരെ കുറിച്ചുള്ള മതിപ്പ് ഇരട്ടിക്കുകയേയുള്ളൂ. ഇപ്പോഴുള്ളതു പോലെ കേന്ദ്രസര്‍ക്കാരിന്റെ റമ്പര്‍ സ്റ്റാമ്പാകേണ്ടി വരില്ല.

കണ്ണും കാതും കാലും കൈയും പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ വിശ്രമിക്കാനൊരിടം എന്ന നിലക്കാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ പദവി. നമ്മുടെ കേരളത്തില്‍ നിന്നൊരു ലീഡുള്ള നേതാവ് ഇപ്പോള്‍ ഡല്‍ഹിയില്‍ തമ്പടിച്ചു കിടക്കുന്നു. എവിടെയെങ്കിലും ഒരു ഗവര്‍ണ്ണര്‍ പദവി കിട്ടുമോ എന്ന് നോക്കാന്‍ .....! ഇങ്ങിനെയുള്ളവരെയാണോ നമ്മള്‍ നമ്മുടെ ജനാധിപത്യ സര്‍ക്കാരുകളെ നയിക്കാന്‍ കൊണ്ടു വരേണ്ടത്? ഈയൊരു പദവി സംരക്ഷണത്തിനു വേണ്ടി നമ്മള്‍ എത്രമാത്രം രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കേണ്ടി വരുന്നത്. എന്നിട്ടോ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരുകളെ കശാപ്പ് ചെയ്യുന്നു. ‘വിവേചനാധികാരം’ എന്ന വാക്കു തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്. വിവേചനം എന്നാല്‍ തരംതിരിക്കല്‍ എന്ന അര്‍ത്ഥം വരും. ഇവിടെ അവര്‍ തരംതിരിവ് നടത്തി പ്രവര്‍ത്തിക്കുന്നു. ‘വിവേകജ്ഞാനം’ എന്ന പദമായിരിക്കും കൂടുതല്‍ യോജിക്കുക. വിവേകപൂര്‍ണമായി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് ഗവര്‍ണ്ണര്‍മാര്‍ .

ഇവിടെ നാം കാണുന്നത് വര്‍ണ്ണവിവേചനം പോലെ ഒരു പിണറായി വിവേചനം. പിണറായിയല്ലെങ്കില്‍ ആന്റണിയായാലും ശരിയല്ലാത്ത നിലപാട് അപലപിക്കപ്പെടണം. എതിര്‍ക്കപ്പെടണം. ജനത്തിന്നു മുന്‍പില്‍ അവതരിപ്പിക്കണം. ഒരു പൊതു ചര്‍ച്ചക്ക് വഴിയിടണം. അതാണ് നാം കേരളത്തില്‍ ഇപ്പോള്‍ കണ്ട് വരുന്നത്. ആരും വിമര്‍ശനത്തില്‍ നിന്ന് അതീതരല്ല. കാലഘട്ടത്തിനനുസരിച്ച് നമ്മള്‍ എല്ലാറ്റിലും മാറ്റം വരുത്തണം. തെറ്റായ വിധി നമ്മുടെ നീതിപീഠങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെതിരെയും ശരിയായ വിമര്‍ശനം ജനങ്ങളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. പക്ഷെ എന്തുക്കൊണ്ടോ കോടതിയലക്ഷ്യമെന്ന് പറഞ്ഞ് അതിനെ നമ്മുടെ ഭരണവര്‍ഗ്ഗം തടയിടുന്നു. വിമര്‍ശനത്തില്‍ നിന്നും സ്വയവിമര്‍ശനത്തില്‍ നിന്നുമാണ് ശരിയായ ജനാധിപത്യ ബോധം ജനമനസ്സില്‍ രൂപം കൊള്ളുന്നത്.

ഇതില്‍ നിന്നൊക്കെ വ്യതിചലിക്കുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ ജനം തെരുവിലേക്കിറങ്ങുന്നു. ആരാണെങ്കിലും അവരുടെ കോലം കത്തിച്ച് അഗ്നിശുദ്ധി വരുത്തുന്നു. അവിടെ കോടതിയും ഗവര്‍ണ്ണരും ഒഴിവാക്കപ്പെടുന്നില്ല. ജനങ്ങള്‍ക്കായിരിക്കണം നിയമങ്ങളും കീഴ്വഴ്ക്കങ്ങളും. അല്ലാതെ നേരെ വിപരീതമായിരിക്കരുത്.

2009 ജൂൺ 6, ശനിയാഴ്‌ച

വെറുതെ എന്തിന് സമയവും പണവും ചെലവാക്കുന്നു ?


കഴിഞ്ഞ കൂറെ മാസങ്ങളായി നമ്മുടെ കേരളത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് എസ് എന്‍ സി ലാവ്ലിന്‍ അഴിമതി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഇപ്പോള്‍ ആ വിഷയത്തില്‍ നല്ല പരിജ്ഞാനം ലഭിച്ചിട്ടുണ്ടായിരിക്കും. കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രി സഭാ കാലത്ത് വൈദ്യുതി ബോര്‍ഡ് നല്‍കിയ ഒരു കരാറിനെ ചൊല്ലിയുള്ളതാണ് പ്രസ്തുത അഴിമതി ആരോപണം. ആരോപണത്തിന് വിധേയരായിട്ടുള്ളവര്‍ സി പി എം മ്മിന്റെ സംസ്ഥാന സിക്രട്ടറി പിണറായി വിജയനും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഊര്‍ജ്ജ വകുപ്പ് മേധാവിയും മറ്റും.

പിണറയി വിജയനും മറ്റും പൈസ കൈപ്പറ്റി എന്ന് ഇതു വരെയും പറഞ്ഞിട്ടില്ല. പക്ഷെ രാഷ്ട്രീയ ഗൂഡാലോചന നടത്തി എന്നു പറയുന്നു. എന്തിനാകാം ഈ ഗൂഡാലോചന നടത്തിയിരിക്കുന്നത്? മലബാര്‍ ക്യാന്‍സര്‍ സെന്ററിന്ന് സഹായലബ്ദിക്കായിട്ടാണ് ഇത്തരത്തിലുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ എത്രത്തോളം സഹായം ലഭിച്ചെന്ന് നമുക്ക് അറിയാം..! ഇത് നടന്ന് മറ്റൊരു ഭരണം ഇവിടെ കഴിഞ്ഞു. യു ഡി എഫിന്റേത്. ഈ അഞ്ചു വര്‍ഷത്തിന്നുള്ളില്‍ പിണറായി വിജയന് എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഇവിടത്തെ കോണ്‍ഗ്രസ്സ്ക്കാര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ അവര്‍ പിണറായി വിജയനെയും മറ്റും തൂക്കിലേറ്റുവാന്‍ കാസര്‍ക്കോട്ടു മുതല്‍ കന്യാകുമാരി വരെ ഓടി നടക്കുന്നു....! എന്തൊരു രാജ്യസ്നേഹം. അഴിമതിക്കെതിരെ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ജി. കാര്‍ത്തികേയനെയും കേസില്‍ പ്രതി ചേര്‍ക്കുവാന്‍ ആവശ്യപ്പെടണം. നമുക്കാവശ്യം അഴിമതിക്കാരെ ശിക്ഷിക്കുക എന്നുള്ളതാണ്. അവര്‍ ഏതു പക്ഷത്തിന്റെ ആള്‍ എന്നുള്ളതല്ല.

ഇവിടെയാണ് നമുക്ക് സി ബി ഐയുടെ സത്യസന്ധതയില്‍ സംശയം തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ എത്ര അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? നമുക്കറിയാം രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വം പേരെ മാത്രമെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന വിഷയത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. അത് പിണറായിയായാലും ആന്റണിയായാലും.

ഇക്കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഏതെല്ലാം വിഷയങ്ങളാണ് ഉയര്‍ത്തിക്കൊണ്ട് വന്നത്? പിണറായി കുറ്റാരോപണ വിധേയമായ ലാവ്ലിന്‍ കേസും ഇടതുപക്ഷത്തിന്റെ വര്‍ഗ്ഗീയ വാദികളുമായുള്ള കൂട്ട്ക്കെട്ടും. ഇതൊക്കെ മാത്രമായിരുന്നോ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ? ഇന്‍ഡ്യയുടെ രാഷ്ട്രീയ-സാമ്പത്തീക-സുരക്ഷാ മേഖലകളില്‍ കൈയേറ്റം നടത്തുന്ന വൈദേശിക ഇടപ്പെടലിനെ കുറിച്ച് ആരെങ്കിലും ചര്‍ച്ച ചെയ്തിരുന്നുവോ ? രാജ്യത്ത് വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന വിലക്കയറ്റവും തൊഴില്‍ നിഷേധത്തെയും കുറിച്ച് ക മ എന്ന് ആരെങ്കിലും മിണ്ടിയോ ? സാമ്രാജ്യത്ത ശക്തികളോട് ഇന്‍ഡ്യ അടുത്തുക്കൊണ്ട് നമ്മുടെ ചേരിചേരാ നയത്തില്‍ വെള്ളം ചേര്‍ക്കുന്നത് നേതാക്കന്മാര്‍ എന്തുക്കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു ? രാഷ്ട്രീയ കക്ഷികളല്ലെങ്കില്‍ മറ്റ് ആരാണ് ഇത് ഏറ്റെടുക്കുന്നത് ?

ജനങ്ങള്‍ ആകാംക്ഷയോടു കൂടി കാണുന്ന ഇടതുപക്ഷമാണെങ്കില്‍ തെരഞ്ഞെടുപ്പ് വിജയം മാത്രം സ്വപ്നം കണ്ട് നടക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാതെ വരുമ്പോള്‍ കാരണമന്വേഷിക്കാതെ മാധ്യമങ്ങള്‍ക്കു മുന്‍പിലിരുന്ന് നീട്ടി പരത്തി ചിരിച്ച് സായൂജ്യം കൊള്ളുന്നു...! സംസ്കാരം നശിക്കാത്ത സാംസ്കാരിക നേതാക്കന്മാര്‍ അവരെ ഇരിക്കുന്നിടം വൃത്തിക്കേടാക്കുന്നവരെന്ന് വിളിച്ച് പരിഹസിക്കുന്നു. പോരെ പൂരം ? വിഷയദാരിദ്ര്യം പിടിച്ച മാധ്യമങ്ങള്‍ക്ക് വീണുക്കിട്ടിയ കനിയെന്ന വണ്ണം അതിനെ ഹെയര്‍ സ്പിലിറ്റിംങ് അനാലൈസിസ് നടത്താനൊരു അവസരം. നേതാക്കന്മാരെ സ്റ്റുഡിയോവിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തുന്നു. ടിവി സ്റ്റുഡിയോവിലിരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാക്കന്മാരെ കൊണ്ട് കേരളം ഇപ്പോള്‍ പൊറുതി മുട്ടിയിരിക്കയാണ് വാസ്തവത്തില്‍.

ഒരു ചിരിയെ കുറിച്ച് ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? മറ്റൊരു വിഷയവും നമ്മുടെ മുന്നിലില്ലെ? മാധ്യമങ്ങളെ ജനങ്ങള്‍ ധര്‍മം പഠിപ്പിക്കേണ്ടിയിരിക്കുന്നു. ധര്‍മം മറക്കുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ മാധ്യമ ഫാഷിഷമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അറിയാനുള്ള അവകാശത്തെ അവര്‍ ഹനിക്കുന്നു. സ്വാതന്ത്ര്യ നിഷേധം. ഇത് ഫാഷിഷത്തിന്റെ മുഖമുദ്രയാണ്. ഇവിടെ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ഒറ്റക്കെട്ടായി അവരോട് പറയണം ‘വെറുതെ എന്തിന് സമയവും പണവും ചെലവാക്കുന്നു?’