Ambassador എന്ന പദത്തിന്ന് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ‘തന്റെ സ്വന്തം രാജ്യത്തിന്റെ ഒരു മുഖ്യ പ്രതിനിധിയായി അന്യ നാട്ടില്‍ താമസിക്കുന്ന ഒരു പ്രധാന ഉദ്യോഗസ്ഥന് ‘ എന്നാണ്.
പക്ഷെ ഇപ്പോള്‍ ഈ പദം ഏറെ ഉപയോഗിക്കുന്നത് ഏതെങ്കിലും കമ്പനിയുടെ ഉല്പന്നം വിറ്റഴിക്കപ്പെടുന്നതിനു വേണ്ടി പരസ്യത്തിന്ന് ഉപയോഗിക്കുന്ന അവതാരകനെ സൂചിപ്പിക്കുന്നതിനാണ്. മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ അവതാരകനായിട്ടുള്ളത് ദൃഷ്ടാന്തം. മനുഷ്യന് അവന്റെ ആദിമ കാലം മുതല്‍ക്ക് അവന് ആവശ്യമുള്ളത് എടുത്ത് അല്ലാത്തത് ഉപേക്ഷിക്കുന്ന രീതി അവലംബിച്ചിട്ടുണ്ട്. ആരും പറഞ്ഞിട്ടല്ല അവനിത് ചെയ്തു വരുന്നത്. അവന്റെ ആവശ്യമാണ് അവനെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ആധുനിക ലോകത്തില്‍ നമുക്ക് വേണ്ടിയതും വേണ്ടാത്തതും നമ്മളെക്കൊണ്ട് ചെയ്യിക്കുകയാണ് അഥവാ പ്രേരിപ്പിക്കുകയാണ്.
സാങ്കേതിക വളര്‍ച്ചയുടെ നല്ല വശങ്ങള് തീര്‍ച്ചയായും നമ്മള് പ്രയോജനപ്പെടുത്തണം. അറിവാണ് നമ്മെ അതിലോട്ട് നയിക്കേണ്ടത്. അല്ലാതെ മോടി പിടിപ്പിച്ചുള്ള പരസ്യങ്ങളായിരിക്കരുത്. എന്ത് നമ്മള് ഉപയോഗിക്കണം എന്ത് നമ്മള് കാണണം എന്ത് നമ്മള് കേള്‍ക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. നമ്മുടെ ആ സ്വയംഭരണാവകാശം നാം ആര്‍ക്കും അടിയറ വെക്കരുത്. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോള്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ് ഈ അംബാസഡര്‍മാരുടെ കൊടുംങ്കാറ്റ്. കൂറ്റന്‍ കമ്പനികള്‍ തെരഞ്ഞെടുക്കുന്നത് ബോളിവുഡിലെയും ഹോളീവുഡിലെയും മലയാളവുഡിലെയും അതികായകന്മാരെ. അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് മില്യന്‍ കണക്കിന് രൂപയും...!
നല്ല ഉല്പന്നങ്ങള്ക്കും നല്ലയിടങ്ങള്ക്കും പ്രകീര്ത്തകന്മാരുടെ ആവശ്യമുണ്ടോ? ഉല്പന്നത്തിന്റെയും സ്ഥലങ്ങളുടെയും വിശേഷ-ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ വേണ്ടൂ അതിന്. പക്ഷെ ബൂര്‍ഷാസിയുടെ ഉല്പന്നമായ കച്ചവട സംസ്കാരം ലോകത്തെ കീഴടക്കുവാന്‍ അധികം വേണ്ടി വന്നില്ല. എല്ലാറ്റിലും അത് താവളം കണ്ടെത്തി. വിദ്യാഭ്യാസത്തിലും ആതുരലോകത്തും കൃഷിയിലും നിയമത്തിലും ഊര്‍ജ്ജത്തിലും കുടിവെള്ളത്തിലും മനുഷ്യന്റെ നിത്യ ജീവിതത്തില്‍ പോലും...! നമുക്ക് ആവശ്യമില്ലാത്തതിനെ എതിര്‍ക്കേണ്ടത് നമ്മുടെ ധര്‍മ്മമാണ്. പ്രതിരോധം നഷ്ടപ്പെട്ടു കൂടാ. പ്രതിരോധം നഷ്ടമായാല്‍ നാം രോഗികളായി മാറും. ആയതിനാലാണ്, കേരളത്തിന്റെ ടൂറിസം അംബാസഡറായി ബിഗ്-ബീ അമിതാബ് ബച്ചനെ നിയമിക്കാനെടുത്ത കേരളത്തിന്റെ തീരുമാനത്തെ നാം എതിര്‍ക്കേണ്ടി വരുന്നത്. ദൈവത്തിന്റെ സ്വന്തം നാടായി നമ്മള് വിളിക്കുന്ന നമ്മുടെ കേരളത്തിന്ന് എന്തിന് ഒരു അംബാസഡറിന്റെ ആവശ്യം?
കേരളത്തിന്റെ പൊതു ധനത്തില്‍ നിന്ന് എന്തിന് നാം വെറുതെ പണം ചെലവഴിക്കണം? ഇതു കൊണ്ട് ടൂറിസത്തില്‍ പുരോഗമനം കൈവരിക്കാന്‍ കഴിയുമോ? ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയല്ലെ ആദ്യം വേണ്ടത്? അടിസ്ഥാന സൌകര്യങ്ങള്‍ ഇപ്പോഴും നമുക്ക് വേണ്ടത്രയില്ല. തേക്കടിയില്‍ ഉണ്ടായ രീതിയിലുള്ള അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികളല്ലെ ആദ്യം ഉണ്ടാവേണ്ടത്? ഈ രീതിയിലുള്ള ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ടൂറിസ്റ്റുകളുടെ സുരക്ഷാ ബോധം വര്‍ദ്ധിക്കുകയും കേരളത്തിന്റെ ടൂറിസത്തില്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്യും എന്നുള്ള കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
എളുപ്പത്തില്‍ എങ്ങനെ കാര്യം നേടാം എന്നതായിരിക്കരുത് നമ്മുടെ രീതി. അടിസ്ഥാന വികസനമായിരിക്കണം ലക്ഷ്യം. മാര്‍ക്സിസ്റ്റ് ഭരണത്തിന്റെ ശിരസ്സില്‍ എങ്ങിനെ ഇത്തരമൊരു ചിന്ത തളിര്‍ത്തു എന്നത് അതിശയോക്തിക്ക് ഇടം നല്കുന്നു. കച്ചവട സംസ്കാരത്തിന്റെ വേരോട്ടം പാര്ട്ടിക്കുള്ളിലേക്കും വ്യാപിച്ചു തുടങ്ങിയോ? കടുത്ത വിമര്‍ശനത്തിന്റെ ഫലമായി തീരുമാനം റദ്ധുചെയ്തത് എന്തായാലും നന്നായി. ഇടതു പക്ഷത്തില്‍ നിന്ന് പ്രതീക്ഷീക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെയുണ്ട്. അവരില്‍ നിന്ന് ശരിയല്ലാത്ത ഒരു നടപടിയുണ്ടായാല്‍ ശക്തമായ വിമര്‍ശനമുണ്ടാകും. അവരും നിങ്ങളെ നയിക്കുന്നവരാണ്. നിങ്ങളല്ല ജനത്തെ നയിക്കുന്നത്. ഇടതുപക്ഷത്തെ ജനങ്ങളാണ് നയിക്കുന്നത്. അതാണ് ഇടതുപക്ഷത്തിന്റെ ശ്രേഷ്ഠത. മഹനീയത.
2010 ഏപ്രിൽ 14, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ