2009 ജൂൺ 12, വെള്ളിയാഴ്‌ച

ഗവര്‍ണ്ണര്‍ തെരുവില്‍ കോലങ്ങളായി കത്തിയമരുമ്പോള്‍

ഓരോ കേരളീയന്റെയും മനസ്സില്‍ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ് ‘എന്തുക്കൊണ്ട് നമ്മുടെ ഗവര്‍ണ്ണര്‍ (മാര്‍) തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു?’ അവരുടെ കോലങ്ങള്‍ കത്തിച്ചുക്കൊണ്ട് അഗ്നിശുദ്ധി വരുത്തുന്നു? വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഗവര്‍ണ്ണര്‍മാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചു വിട്ട അന്നു മുതല്‍ക്ക് ഗവര്‍ണ്ണര്‍ പദവി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അന്നു മുതല്‍ക്കാണ് ആ പദവി ദുരുപയോഗം ചെയ്യപ്പെട്ടു തുടങ്ങിയത്. ഒരു സംസ്ഥാനത്തിന്റെ തലവനായി അവരോധിക്കപ്പെട്ട വ്യക്തി എന്ത് കൊണ്ട് ഇങ്ങിനെ ദുരുപയോഗം ചെയ്യപ്പെടുന്നു? ആരാണ് യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍ ? ഇപ്പോള്‍ വീണ്ടും ഈ പ്രശ്നം ഉയര്‍ന്നു വരുവാന്‍ കാരണം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ മറി കടന്നുക്കൊണ്ട് പിണറായിക്കെതിരെ പ്രോസിക്യൂഷന് അനുമതി കൊടുത്തപ്പോഴാണ്.

ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതിക്കായാലും ഗവര്‍ണ്ണര്‍ക്കായാലും പരിമിതമായ അവകാശങ്ങളെ നല്‍കിയിട്ടുള്ളുവെന്ന് അഡ്വ. ദാമോദരനെ പോലുള്ളവര്‍ സമര്‍ത്ഥിക്കുന്നു. മാത്രമല്ല അവര്‍ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുകളോട് വിധേയപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് ബഹു. സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ തലവനാണ് ഗവര്‍ണ്ണര്‍മാര്‍ . അവര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഭരണഘടാന ലംഘനം ഉടലെടുക്കുന്നു. ചട്ടങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അവിടെ പ്രതിഷേധത്തിന്റെ കാറ്റ് വീശുന്നത് സ്വാഭാവികം. വിവിധ തലങ്ങളില്‍ നിന്ന് വ്യത്യസ്ത രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരും. അതിലൊന്നു മാത്രമായി മാത്രമെ കോലം കത്തിക്കലിനെ നമുക്ക് കാണാന്‍ കഴിയൂ.

യഥാര്‍ത്ഥത്തില്‍ എന്തിനാണ് നമുക്കൊരു ഗവര്‍ണ്ണര്‍ ? ഏതു രീതിയിലാണ് ഗവര്‍ണ്ണര്‍മാര്‍ ദൈനംദിന ഭരണത്തില്‍ പങ്കുവഹിക്കുന്നത്? ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പിന്നെന്തിന്ന് ഒരു നോമിനിയായുള്ള ഗവര്‍ണ്ണര്‍ ? ജനങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിത് എന്ന് എനിക്ക് തോന്നുന്നു. ഇനി നിര്‍ബന്ധമായും വേണമെങ്കില്‍ എന്തു കൊണ്ട് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതു പോലെ ഗവര്‍ണ്ണര്‍മാരെ തെരഞ്ഞെടുത്തു കൂടാ? അങ്ങിനെ വന്നാല്‍ അതാത് സംസ്ഥാനങ്ങളിലെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായിരിക്കും അവര്‍ . ജനമനസ്സില്‍ അവരെ കുറിച്ചുള്ള മതിപ്പ് ഇരട്ടിക്കുകയേയുള്ളൂ. ഇപ്പോഴുള്ളതു പോലെ കേന്ദ്രസര്‍ക്കാരിന്റെ റമ്പര്‍ സ്റ്റാമ്പാകേണ്ടി വരില്ല.

കണ്ണും കാതും കാലും കൈയും പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ വിശ്രമിക്കാനൊരിടം എന്ന നിലക്കാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ പദവി. നമ്മുടെ കേരളത്തില്‍ നിന്നൊരു ലീഡുള്ള നേതാവ് ഇപ്പോള്‍ ഡല്‍ഹിയില്‍ തമ്പടിച്ചു കിടക്കുന്നു. എവിടെയെങ്കിലും ഒരു ഗവര്‍ണ്ണര്‍ പദവി കിട്ടുമോ എന്ന് നോക്കാന്‍ .....! ഇങ്ങിനെയുള്ളവരെയാണോ നമ്മള്‍ നമ്മുടെ ജനാധിപത്യ സര്‍ക്കാരുകളെ നയിക്കാന്‍ കൊണ്ടു വരേണ്ടത്? ഈയൊരു പദവി സംരക്ഷണത്തിനു വേണ്ടി നമ്മള്‍ എത്രമാത്രം രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കേണ്ടി വരുന്നത്. എന്നിട്ടോ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരുകളെ കശാപ്പ് ചെയ്യുന്നു. ‘വിവേചനാധികാരം’ എന്ന വാക്കു തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്. വിവേചനം എന്നാല്‍ തരംതിരിക്കല്‍ എന്ന അര്‍ത്ഥം വരും. ഇവിടെ അവര്‍ തരംതിരിവ് നടത്തി പ്രവര്‍ത്തിക്കുന്നു. ‘വിവേകജ്ഞാനം’ എന്ന പദമായിരിക്കും കൂടുതല്‍ യോജിക്കുക. വിവേകപൂര്‍ണമായി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് ഗവര്‍ണ്ണര്‍മാര്‍ .

ഇവിടെ നാം കാണുന്നത് വര്‍ണ്ണവിവേചനം പോലെ ഒരു പിണറായി വിവേചനം. പിണറായിയല്ലെങ്കില്‍ ആന്റണിയായാലും ശരിയല്ലാത്ത നിലപാട് അപലപിക്കപ്പെടണം. എതിര്‍ക്കപ്പെടണം. ജനത്തിന്നു മുന്‍പില്‍ അവതരിപ്പിക്കണം. ഒരു പൊതു ചര്‍ച്ചക്ക് വഴിയിടണം. അതാണ് നാം കേരളത്തില്‍ ഇപ്പോള്‍ കണ്ട് വരുന്നത്. ആരും വിമര്‍ശനത്തില്‍ നിന്ന് അതീതരല്ല. കാലഘട്ടത്തിനനുസരിച്ച് നമ്മള്‍ എല്ലാറ്റിലും മാറ്റം വരുത്തണം. തെറ്റായ വിധി നമ്മുടെ നീതിപീഠങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെതിരെയും ശരിയായ വിമര്‍ശനം ജനങ്ങളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. പക്ഷെ എന്തുക്കൊണ്ടോ കോടതിയലക്ഷ്യമെന്ന് പറഞ്ഞ് അതിനെ നമ്മുടെ ഭരണവര്‍ഗ്ഗം തടയിടുന്നു. വിമര്‍ശനത്തില്‍ നിന്നും സ്വയവിമര്‍ശനത്തില്‍ നിന്നുമാണ് ശരിയായ ജനാധിപത്യ ബോധം ജനമനസ്സില്‍ രൂപം കൊള്ളുന്നത്.

ഇതില്‍ നിന്നൊക്കെ വ്യതിചലിക്കുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ ജനം തെരുവിലേക്കിറങ്ങുന്നു. ആരാണെങ്കിലും അവരുടെ കോലം കത്തിച്ച് അഗ്നിശുദ്ധി വരുത്തുന്നു. അവിടെ കോടതിയും ഗവര്‍ണ്ണരും ഒഴിവാക്കപ്പെടുന്നില്ല. ജനങ്ങള്‍ക്കായിരിക്കണം നിയമങ്ങളും കീഴ്വഴ്ക്കങ്ങളും. അല്ലാതെ നേരെ വിപരീതമായിരിക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ