2009 ജനുവരി 20, ചൊവ്വാഴ്ച

മാറണം നമ്മള്‍ ഒരുപാട്

ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ദുബായിലേക്ക് വിമാനം കയറിയത്. കൃത്യമായി പറഞ്ഞാല്‍ 1994 ജൂണ്‍ മാസത്തിലെ ഒരു ദിനം. എന്റെ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം, യഥാര്‍ത്ഥത്തില്‍ എനിക്ക് അപ്പോള്‍ അവിടം വിട്ട് ദുബായിലേക്ക് വരുവാന്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ജോലി തേടി വന്ന എനിക്ക് അപ്പോള്‍ തന്നെ തിരിച്ച് അങ്ങോട്ട് പോകുവാനാണ് തോന്നിയത്. ജീവിതത്തില്‍ ആദ്യമായി നാടു വിടുന്ന ഞാന്‍, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി പുറത്തേക്ക് വന്നപ്പോള്‍ എന്റെ അളിയന്‍ (ചേച്ചിയുടെ ഭര്‍ത്താവ് ) എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അളിയന്റെ സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിയിലേക്കാണ് ചെന്നു കയറിയത്.

എന്റെ കൈയില്‍ ഒരു ബ്രീഫ് കെയ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ചെന്നപ്പാടെ അളിയന്‍ അടുക്കളയിലേക്ക് പോയി. മുറിയിലുള്ളവര്‍ അടുക്കളയില്‍ ആഹാരം പാകം ചെയ്യുകയായിരുന്നു. ഞാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ അളിയന്‍ വന്ന് “ആ മുറിയിലോട്ട് കയറിക്കോളൂ” എന്നു പറഞ്ഞു. ആ മുറിയില്‍ രണ്ട് പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടി ഒരു മൂലയില്‍ വെച്ച് ഞാന്‍ പെട്ടെന്ന് നിവര്‍ന്നപ്പോള്‍ അവര്‍ പരസ്പരം മുഖത്ത് നോക്കി എന്തോ ഘോഷ്ടി കാണിക്കുന്നതാണ് ഞാന്‍ കണ്ടത്. ഗള്‍ഫ് ജീവിതത്തില്‍ ആദ്യത്തെ കല്ലുകടിയായിരുന്നു അത്. സാമാന്യം ഇരുണ്ട നിറത്തിലുള്ള എന്നെ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിന്നുള്ള നമ്മള്‍ എത്രമാത്രം തൊലി നിറത്തിന്ന് പ്രാധാന്യം കൊടുക്കുന്നുവെന്ന് അതെന്നെ പഠിപ്പിച്ചു. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ നിന്നും ഈ വിവേചനത്തിന് ഞാന്‍ പാത്രീഭവിച്ചിട്ടുണ്ട്.

വര്‍ണ്ണത്തിലെന്ന പോലെ മതത്തിന്റെ കാര്യത്തിലും ഈ അകറ്റി നിര്‍ത്തല്‍ നമുക്ക് കാണാം. ഞാന്‍ വരുമ്പോള്‍ എന്റെ മുറിയില്‍ എല്ലാവരും ഹിന്ദുക്കള്‍ മാത്രമായിരുന്നു. മറ്റു മുറികളിലും ഇതുപോലെ എല്ലാവരും ഒരേ മതക്കാര്‍ തന്നെയായിരുന്നു. ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ മതക്കാര്‍ ഒരുമിച്ച് താമസിച്ച് വളര്‍ന്ന നമ്മള്‍, മറ്റൊരു നാട്ടില്‍ വന്നപ്പോള്‍ എന്തുക്കൊണ്ട് ഇത് സംഭവിക്കുന്നു? എന്തുക്കൊണ്ട് നമുക്ക് എല്ലാ മതസ്ഥരുമായി ഒരുമിച്ച് താമസിക്കാന്‍ കഴുയുന്നില്ല?

വര്‍ഷങ്ങള്‍ക്കു ശേഷം പീന്നീട് ഞങ്ങളുടെ മുറിയില്‍ സമദ് എന്ന് പേരായ തിരുവനന്തപുരത്തുള്ള ഒരു മുസ്ലീം സഹോദരന്‍ താമസിച്ചിരുന്നു. പത്തനംതിട്ടയിലുള്ള ഷാജി എന്നു പേരായ ഒരു ക്രിസ്ത്യന്‍ യുവാവും താമസിച്ചിരുന്നു. ഇങ്ങനെ നമ്മള്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ നമുക്കുള്ളില്‍ ഒരു മാനസീക ഐക്യം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. നമ്മള്‍ മറ്റുള്ളവരെ മനസ്സിലാക്കുമ്പോള്‍ മാത്രമെ നമുക്ക് നമ്മളാരെന്ന് അറിയുകയുള്ളൂ. നമ്മളെ അറിയണമെങ്കില്‍ നമ്മള്‍ മറ്റുള്ളവരുമായി സംസര്‍ഗ്ഗം വേണമെന്നര്‍ത്ഥം. പക്ഷെ അന്യനാട്ടില്‍ ചെന്നാല്‍ നമ്മള്‍ ഇത് മറന്നു പോകുന്നു.

ഈയിടെ ഞാന്‍, എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുക്കാരന്റെ മുറിയില്‍ പോയി. ക്രിസ്ത്യന്‍ മതത്തിലുള്ള
അദ്ദേഹത്തിന്റെ കൂടെ താമസിക്കുന്നവരെല്ലാം ക്രിസ്ത്യാനികള്‍ തന്നെ. എന്തിനു നമ്മള്‍ ഇങ്ങിനെ സ്വാര്‍ത്ഥ മതവിശ്വാസികളാകുന്നു? മത വിശ്വാസം നമ്മളെ അന്യ മതത്തില്‍ നിന്ന് ആട്ടിയോടിക്കുകയാണോ? നമ്മള്‍ ഒരു മതത്തെ പോലെ തന്നെ ചുരുങ്ങുന്നു. മറ്റു മതത്തിലുള്ളവരോട് വിശ്വാസമില്ലാത്തവരെ പോലെ പെരുമാറുന്നു. ഒരുമിച്ച് ഇടക്കലര്‍ന്ന് ജീവിക്കുമ്പോള്‍ നമുക്ക് എന്തു രീതിയിലുള്ള സ്വാതന്ത്ര്യമില്ലായ്മയാണ് ഉണ്ടാകുന്നത്?

ഇവിടെ ഇങ്ങിനെ ജീവിച്ച് നമ്മള്‍ തിരിച്ച് നാട്ടില്‍ ചെന്നാലും നമ്മളില്‍ ഈ തൊട്ടുകൂടായ്ക ഉണ്ടാകും. നമ്മുടെ സമൂഹത്തില്‍ അത് ഒരു വിള്ളല്‍ സൃഷ്ടിക്കും. ചേരി തിരിവ് ഉണ്ടാകും. സ്പര്‍ദ്ധ വളരും. ഒരു ജനതയില്‍ വിശ്വാസമില്ലായ്മ ഉണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരു രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ അപകടത്തിലാകും. നമ്മളോരോരുത്തരും ചിന്തിക്കണം, എന്തിനിങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്നു? നമ്മളറിയാതെ നമ്മളെയറിയാതെ?

1 അഭിപ്രായം: